Saturday, 27 July - 2024

‘സഹതാപം നേടുന്നതിന് വിവിധ വഴികൾ, വഴിയോരക്കച്ചവടക്കാരെ കരുതിയിരിക്കുക’; ഭിക്ഷാടന വിരുദ്ധ ക്യാംപെയ്നിൽ 967 പേർ അറസ്റ്റിൽ

ദുബായ്: റമദാനിൽ ആരംഭിച്ച ഭിക്ഷാടന വിരുദ്ധ ക്യാംപെയ്നിൽ ഇതുവരെ 396 യാചകരെയും 292 തെരുവ് കച്ചവടക്കാരെയും 279 അനധികൃത തൊഴിലാളികളെയും അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ്  അറിയിച്ചു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഭിക്ഷാടനം ഒരു ‘ജോലി’ ആയി കാണുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി.

ഭിക്ഷാടനത്തിന്‍റെ അപകടങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്താൻ ദുബായ് പൊലീസ് നിരന്തരം വിവിധ പദ്ധതികളും ക്യാംപെയ്നുകളും നടത്തിവരുന്നുണ്ട്. റമസാനിലും മറ്റ് അവധി ദിവസങ്ങളിലും ഈ ക്യാംപെയ്ൻ ശക്തമാക്കാറുണ്ട്.

റമസാനിൽ ആളുകളിൽ നിന്ന് സഹതാപം നേടാനുള്ള യാചകരുടെ ശ്രമം വർധിക്കുന്നതിനാൽ ഈ ക്യാംപെയ്ൻ പ്രാധാന്യമർഹിക്കുന്നുവെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്‌പെക്ട്‌സ് ആൻഡ് ക്രിമിനൽ ഫിനോമിന വിഭാഗം ഡയറക്ടർ സലേം അൽ ഷംസി പറഞ്ഞു.

∙ ജനങ്ങളുടെ സഹതാപം നേടുന്നതിന് വിവിധ വഴികൾ
വഴിയോരക്കച്ചവടക്കാരും യാചകരും ജനങ്ങളുടെ സഹതാപം നേടാൻ വിവിധ വഴികൾ തേടുന്നുണ്ട്. പാർപ്പിട മേഖലകൾ, വാണിജ്യ കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ഇവരെ കാണാറുണ്ട്.

അനധികൃത വ്യാപാരികളിൽ നിന്ന് വസ്തുക്കൾ വാങ്ങുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അൽ ഷംസി മുന്നറിയിപ്പ് നൽകി. തെരുവ് കച്ചവടക്കാർ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് ഉൽപന്നങ്ങളും പലപ്പോഴും മോശം നിലവാരമുള്ളതും അറിയാത്ത ഉറവിടത്തിൽ നിന്നുള്ളതുമാണ്, ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തും.

∙ വഴിയോരക്കച്ചവടക്കാരെ കരുതിയിരിക്കുക
ഭിക്ഷാടനം, വഴിയോരക്കച്ചവടം, അനധികൃത തൊഴിലാളികളുടെ സാന്നിധ്യം എന്നിവ സമൂഹസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ട്.

മാത്രമല്ല എമിറേറ്റിന്റെ പ്രതിച്ഛായ തകർക്കുകയും ചെയ്യുന്ന രീതിയിൽ ചിലപ്പോൾ മോഷണം, പോക്കറ്റടി, കുട്ടികളെയും രോഗികളെയും ചൂഷണം ചെയ്യൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അൽ ഷംസി പറഞ്ഞു.  

∙ അറസ്റ്റിലായത് വൻ തുക കൈവശമുള്ള സ്ത്രീകൾ
രാജ്യത്ത് ഭിക്ഷാടനം നിയമവിരുദ്ധമാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. 2018-ലെ ഫെഡറൽ നിയമം നമ്പർ 9 പ്രകാരം ഭിക്ഷാടനം ഒരു കുറ്റകൃത്യമാണ്.

കഴിഞ്ഞ മാസം, യഥാക്രമം 60,000 ദിർഹവും 30,000 ദിർഹവും കൈവശം വെച്ച രണ്ട് സ്ത്രീകളെ ഭിക്ഷാടനത്തിനിടെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സഹതാപം നേടുന്നതിനായി ഒരു സ്ത്രീ തന്‍റെ കുട്ടിയെയും ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. രണ്ട് സ്ത്രീകളും സന്ദർശക വീസയിൽ യുഎഇയിൽ എത്തിയവരാണ്.

കഴിഞ്ഞ നാല് വർഷത്തിനിടെ 1701 യാചകരെ ദുബായ് പൊലീസ് പിടികൂടിയിട്ടുണ്ട്. 2023-ൽ മാത്രം ഏകദേശം 500 ഭിക്ഷാടകരെ അറസ്റ്റ് ചെയ്തു. ഈ വർധിച്ചുവരുന്ന കണക്കുകൾ ചൂണ്ടിക്കാട്ടി ഭിക്ഷാടനം ഒരു ഗുരുതരമായ പ്രശ്നമാണെന്ന്  അൽ ഷംസി വ്യക്തമാക്കി.

∙ പിഴയും ശിക്ഷയും അറിയാം
യുഎഇയിൽ,  ഭിക്ഷാടകർക്ക് 5,000 ദിർഹം പിഴയും മൂന്ന് മാസത്തെ തടവും ലഭിക്കും. ഭിക്ഷാടന സംഘം നടത്തുന്നവർക്കും രാജ്യത്തിന് പുറത്ത് നിന്ന് ഭിക്ഷാടകരെ റിക്രൂട്ട് ചെയ്യുന്നവർക്കും ആറ് മാസത്തെ തടവും 100,000 ദിർഹം പിഴയും ലഭിക്കും. അനുമതിയില്ലാതെ ഭിക്ഷാടനത്തിനായി പണം സ്വരൂപിക്കുന്നവർക്ക് 500,000 ദിർഹം പിഴയായി ലഭിക്കും.

Most Popular

error: