കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തിനെതിരെ കുവൈത്ത്
ആഭ്യന്തര മന്ത്രാലയം കര്‍ശന നടപടികള്‍ തുടരുകയാണ്. കർശന പരിശോധനകളാണ് ഇതിൻറെ ഭാഗമായി നടത്തി വരുന്നത്. എന്നാൽ രാജ്യത്തെ ജയിലുകളിലുള്ള 60 ശതമാനം തടവുകാരും മയക്കുമരുന്ന് ഉപയോഗവും കടത്തുമായി ബന്ധപ്പെട്ട ശിക്ഷ അനുഭവിക്കുന്നവരാണെന്നാണ് റിപ്പോർട്ട്.
10 വർഷത്തിനിടെ 19,000 മയക്കുമരുന്ന് കേസുകളിൽ 25,000 പ്രതികൾ ശിക്ഷിക്കപ്പെട്ടതായി സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ജനറൽ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തെ 70 ശതമാനം കുറ്റകൃത്യങ്ങൾക്കും കാരണം മയക്കുമരുന്ന് ആണെന്ന ഗുരുതരമായ വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം, ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ബന്ധപ്പെട്ട ഏജൻസികൾ മയക്കുമരുന്ന് കള്ളക്കടത്തുകാരെ പിടികൂടുന്നതിന് വിപുലമായ പദ്ധതിക്ക് അംഗീകാരം നൽകിയതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
കുവൈത്തിനെ ലക്ഷ്യമാക്കിയുള്ള കള്ളക്കടത്ത് പ്രവർത്തനങ്ങളെ ഉറവിടത്തിൽ തന്നെ തകർക്കാനായി അന്താരാഷ്ട്ര തലത്തിൽ ഏകോപനത്തോടെ പ്രവർത്തിക്കും. കള്ളക്കടത്ത് നിയന്ത്രിക്കുന്നതിന് തുറമുഖങ്ങളിൽ കർശനമായ നടപടിക്രമങ്ങളും ആധുനിക സംവിധാനങ്ങളും നടപ്പിലാക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.