Thursday, 12 December - 2024

മധ്യപ്രദേശിൽ ബിജെപി തുടർഭരണത്തിലേക്ക്, രാജസ്ഥാനും പിടിയിലൊതുക്കാൻ ബിജെപി; കോൺഗ്രസിന് ആശ്വാസിക്കാൻ തെലങ്കാന മാത്രം

മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ ലീഡ് നേടി ബിജെപി. മധ്യപ്രദേശിൽ 120 ലധികം സീറ്റുകളിലാണ് ബിജെപി വ്യക്തമായ ഭൂരിപക്ഷം പിടിച്ചത്. ഇതോടെ മധ്യപ്രദേശിൽ ബിജെപി തുടർഭരണം ഏറെക്കുറെ ഉറപ്പിച്ചു. ബിജെപി ഓഫിസുകളിൽ ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചു. കോൺഗ്രസ് നൂറു സീറ്റുകളിലാണ് മുന്നേറുന്നത്. രാജസ്ഥാനിലും ബിജെപി വലിയ മുന്നേറ്റം നടത്തുന്നു. നൂറ്റിപ്പതിനഞ്ച് സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസിന് എൺപതു സീറ്റുകളിലാണ് ലീഡ്. 

അതേ സമയം, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നേറുകയാണ്. ഛത്തീസ്ഗഡിൽ കോൺഗ്രസ് അറുപതോളം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി നാൽപ്പതിലധികം സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. തെലങ്കാനയിൽ കോൺഗ്രസ് വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്. എഴുപതോളം സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഭരണ കക്ഷിയായ ബിആർഎസ് മുപ്പതോളം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സെമി ഫൈനൽ എന്ന വിശേഷിപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ നാലു സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് ഇന്നറിയാൻ സാധിക്കുന്നത്. രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിച്ചു.

എക്സിറ്റ് പോളുകൾ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസിന്റെയും രാജസ്ഥാനിൽ ബിജെപിയുടെയും മുന്നേറ്റമാണ് പ്രവചിക്കുന്നത്. മധ്യപ്രദേശിൽ 4 വീതം എക്സിറ്റ് പോളുകൾ ബിജെപിക്കും കോൺഗ്രസിനും മുൻതൂക്കം നൽകുന്നു. രാജസ്ഥാനും ഛത്തീസ്ഗഡും കോൺഗ്രസും മധ്യപ്രദേശ് ബിജെപിയുമാണു ഭരിക്കുന്നത്. തെലങ്കാനയിൽ ബിആർഎസും മിസോറമിൽ മിസോ നാഷനൽ ഫ്രണ്ടുമാണ് അധികാരത്തില്‍.

ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. പത്തരയോടെ ആദ്യചിത്രമറിഞ്ഞേക്കും. കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശിൽ 230. ഛത്തീസ്ഗഡിൽ 90,  തെലങ്കാന 119, രാജസ്ഥാൻ 199 സീറ്റുകളിലേക്കാണ് ജനവിധി.

Most Popular

error: