സഊദി സെൻസസ് 2022: പ്രവാസികൾക്കിടയിൽ ആശങ്കകൾ സമ്മാനിച്ച് വ്യാപകമായി അർദ്ധസത്യ വീഡിയോകൾ പ്രചരിക്കുന്നു

0
15259

റിയാദ്: സഊദി സെൻസസ് 2022 സംബന്ധമായി പ്രവാസികൾക്കിടയിൽ വ്യാപകമായി ആശങ്കൾ സമ്മാനിച്ച് വീഡിയോകൾ പ്രചരിക്കുന്നു. വിവിധ രൂപത്തിൽ പലരും സെൻസസിനെ കുറിച്ച് നടത്തുന്ന വിശദീകരണ വീഡിയോകളാണ് പ്രവാസികളുടെ ഉറക്കം കെടുത്തുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പലരും ടിക് ടോക്കിലും മറ്റു വീഡിയോ പ്ലാറ്റ്ഫോമുകളിലും നടത്തുന്ന വീഡിയോകൾ കണ്ടിട്ട് ആശങ്കയോടെയാണ് പല മലയാളി പ്രവാസികളും കഴിയുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഇതിൽ പങ്കാളികൾ ആയില്ലെങ്കിൽ വൻ പിഴ അടക്കേണ്ടി വരുമെന്ന ഭീതിയിലാണ് പലരും. ഈ രൂപത്തിലാണ് പല വീഡിയോകളും മലയാളികൾ തന്നെ പുറത്തിറക്കിയിരിക്കുന്നത്.

26 മുതൽ 500, 1000 റിയാൽ ഫൈൻ എല്ലാവർക്കും കിട്ടി തുടങ്ങുമെന്നാണ് ഒരു മലയാളി ടിക്ടോക് താരം വീഡിയോയിൽ പറയുന്നത്. ഇത് ചെയ്യാൻ 25 വരെ നമുക്ക് സമയം അനുവദിച്ചിട്ടുള്ളൂ എന്നും ഇദ്ദേഹം പറഞ്ഞു വെക്കുന്നു. ഇത് പോലെ നിരവധി വീഡിയോകൾ ആണ് ഓരോ ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്. നാട്ടിലുള്ള പ്രവാസികൾ പോലും വീഡിയോ കണ്ട ശേഷം വെപ്രാളത്തിൽ കഴിയുകയും ബന്ധപ്പെട്ട് പോംവഴികൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, യാഥാർഥ്യം എന്താണ്? അറിയാം👇

എന്താണ് സഊദി സെൻസസ് 2022

ഏതാനും മാസങ്ങൾക്ക് മുമ്പാണ് സഊദി സെൻസസ് 2022 രാജ്യവ്യാപകമായി ആരംഭിച്ചത്. ഈ ഘട്ടത്തിൽ രാജ്യത്തെ ഓരോ കെട്ടിടങ്ങളിലും റൂമുകളിലും സെൻസസ് ഉദ്യോഗസ്ഥർ എത്തി വിവരങ്ങൾ ശേഖരിച്ച ശേഷം പ്രത്യേക ക്യു ആർ കോഡ് വാതിലിൽ ഒട്ടിച്ച് പോകുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്.

ഡാറ്റ ശേഖരണ ഘട്ടം: മേയ് 10 – ജൂൺ 15

മെയ് 10 ന് തുടങ്ങിയ ഈ ഘട്ടം ജൂൺ 15 വരെയാണ് നീണ്ട് നിൽക്കുന്നത്. സെൻസസ് ചോദ്യാവലി പൂരിപ്പിച്ച് ജനസംഖ്യ, ഭവന വിശദമായ ഡാറ്റ ശേഖരിക്കുന്ന ഘട്ടമാണിത്. മൂന്ന് ഘട്ടങ്ങളിൽ ഏതെങ്കിലും ഒരു രൂപത്തിൽ ഡാറ്റ നൽകിയാൽ മതി.

ഡാറ്റകൾ നൽകേണ്ട മൂന്ന് വിധം

1: സ്വയം കണക്കെടുപ്പ് (ഇത് ഓൺലൈൻ വഴിയാണ് ചെയ്യേണ്ടത്). അത് ചെയ്യുന്ന ഘട്ടങ്ങൾ അറിയാനായി “സഊദി സെൻസസ് 2022: സ്വന്തമായി ഓൺലൈൻ വഴി എങ്ങനെ പൂർത്തീകരിക്കാം?” എന്നതിൽ ക്ലിക് ചെയ്യുക.

2: ഫീൽഡ് എണ്ണൽ (ഓൺലൈൻ വഴി ചെയ്യാത്തവരുടെ അടുക്കൽ സെൻസസ് ഫീൽഡ് ഉദ്യോഗസ്ഥർ എത്തി വിവരങ്ങൾ ശേഖരിക്കുന്ന രൂപമാണിത്.

3: കിയോസ്കുകൾ വഴി വിവരങ്ങൾ നൽകൽ. ഇത്തരം കിയോസ്ക് മെഷീനുകൾ ഉള്ള സ്ഥലങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്‌താൽ മതി.

ഈ മൂന്ന് സംവിധാനങ്ങളിൽ ഏതെങ്കിലും വഴി വിവരങ്ങൾ നൽകിയാൽ മതിയെന്നിരിക്കെയാണ് വീഡിയോ മഹാന്മാർ 26 ന് ശേഷം ഫൈൻ വരുമെന്നും കുറഞ്ഞ സമയം മാത്രമേ മുന്നിൽ ഉള്ളൂവെന്നും പറഞ്ഞു രംഗത്തെത്തുന്നത്.

മുകളിൽ സൂചിപ്പിച്ച മൂന്ന് സംവിധാനങ്ങളിൽ ആദ്യ ഓപ്ഷൻ ആയ ഓൺലൈൻ വഴി വിവരങ്ങൾ സ്വന്തമായി നൽകാനുള്ള സമയപരിധി മാത്രമാണ് 25 വരെയുള്ളത്. അതിനു ശേഷം വിവരങ്ങൾ നൽകാത്തവരുടെ അടുക്കൽ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് എത്തി വിവരങ്ങൾ ശേഖരിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സഊദി സെൻസസ് വെബ്സൈറ്റിൽ തന്നെ ലഭ്യമാണ്. അതറിയാൻ ഇവിടെ ക്ലിക് ചെയ്യുക.

അതേസമയം, പിഴ ലഭിക്കുമെന്ന കാര്യത്തിലും തെറ്റിദ്ധാരണകൾ പ്രചരിച്ചുകുന്നുണ്ട്. സെൻസസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയോ ആവശ്യമായ വിവരങ്ങൾ നൽകാൻ വിസമ്മതിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്ന ആളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നുമാണ് മുന്നറിയിപ്പ്.

ഇത് സംബന്ധമായി നേരത്തെ വന്ന വാർത്തകൾ കൂടി വായിക്കുക👇

സഊദി സെൻസസ് 2022: സ്വന്തമായി ഓൺലൈൻ വഴി എങ്ങനെ പൂർത്തീകരിക്കാം?

സഊദി സെൻസസ് 2022: സ്വയം ചെയ്യാനുള്ള അവസരം ഇനി രണ്ട് ദിവസം മാത്രം, എല്ലാവരോടും പങ്കാളികാൻ ആഹ്വാനം

സഊദി സെൻസസ് 2022: കൂടുതൽ അറിയാം