റിയാദ് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അനിശ്ചിതമായി നീളുന്നു, 27 മണിക്കൂറിനു ശേഷം യാത്ര തിരിക്കാനായേക്കുമെന്ന് സൂചന

0
1585

റിയാദ്: ഇന്നലെ രാത്രി റിയാദിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ഇത് വരെ പുറപ്പെട്ടിട്ടില്ല. കോഴിക്കോട് നിന്ന് റിയാദിൽ ഇറങ്ങുന്നതിനിടെ ടയർ പൊട്ടി വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട വിമാനമാണ് മടക്ക യാത്ര അനിശ്ചിതമായി നീളുന്നത്. ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം ബുധനാഴ്ച പുലർച്ചെ 2:50 നാണ് പുറപ്പെടുക.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ റിയാദിൽ ഇറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ എക്സ് 1321 വിമാനമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. വിമാനം റിയാദിൽ ലാൻഡ് ചെയ്ത ഉടൻ വൻ ശബ്ദത്തോടെ ടയർ പൊട്ടിച്ചിതറുകയായിരുന്നു. ഇടത് ഭാഗത്തെ ടയറാണ് പൊട്ടിത്തെറിച്ചത്. ഇതേ തുടർന്ന് വിമാനം റൺവെയിൽ തന്നെ നിർത്തിയിടുകയും ഏറെ നേരം കഴിഞ്ഞ ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. സംഭവം മലയാളംപ്രസ്സ് ഉടൻ റിപ്പോർട്ട് ചെയ്തിരുന്നു.

സംഭവത്തെ തുടർന്ന് റിയാദിൽ നിന്ന് കോഴിക്കോട് പോകേണ്ട ഇതേ വിമാനത്തിലെ യാത്രയാണ് അനിശ്ചിതത്വത്തിൽ ആയത്. തിങ്കളാഴ്ച രാത്രി 11:45 നാണ് റിയാദിൽ നിന്ന് ഇതേ വിമാനം കോഴിക്കോട് വിമാനത്താവളത്തിലേക്ക് മടങ്ങേണ്ടിയിരുന്നത്. എന്നാൽ, യാത്ര മുടങ്ങുകയും യാത്രക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ, ഇതേ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ വിമാന കമ്പനി അധികൃതർ തയ്യാറായില്ല.

തിങ്കളാഴ്ച രാത്രി 11:45 ന് പുറപ്പെടേണ്ട വിമാനം ബുധനാഴ്ച പുലർച്ചെ 02:50 ന് മടങ്ങുമെന്ന് മാത്രമാണ് അധികൃതർ വ്യക്തമാക്കിയത്. അപകടത്തിൽ പെട്ട വിമാനം തന്നെയാണ് അറ്റകുറ്റ പണികൾക്ക് ശേഷം യാത്രക്കാരുമായി മടങ്ങുകയെന്നാണ് മനസ്സിലാകുന്നത്.

റിയാദിൽ ലാന്റിംഗിനിടെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ ടയർ പൊട്ടി, ഒഴിവായത് വൻ ദുരന്തം