ഓഫ് സീസണിലും രക്ഷയില്ല; നാട്ടിലേക്കു പോയവർ തിരിച്ചുവരാൻ നൽകേണ്ടിവരുന്നത് ഏഴിരട്ടിയോളം തുക

0
3

ദുബായ്: ഓഫ് സീസണിലും പീക്ക് നിരക്കുമായി എയർലൈനുകൾ. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നാട്ടിലേക്കു പോയവർ തിരിച്ചുവരാൻ നൽകേണ്ടിവരുന്നത് ഏഴിരട്ടിയോളം തുക. നിരക്കു കുറയുമെന്ന് കരുതിയുള്ള കാത്തിരിപ്പിനു നീളമേറുകയാണ്.

ജോലിയെ വരെ ബാധിക്കുമെന്നാണ് പലരുടെയും ആശങ്ക. അതിനാൽ കടം വാങ്ങിയും പലിശയ്ക്കെടുത്തും ആഭരണങ്ങൾ പണയപ്പെടുത്തിയും കൂടിയ നിരിക്കിലും ടിക്കറ്റെടുത്ത് തിരിച്ചുവരാൻ നിർബന്ധിതരാവുകയാണ്. സാധാരണ ജനുവരി 15 മുതൽ മാർച്ച് 1 വരെയാണ് ഓഫ് സീസൺ. ഈ സമയങ്ങളിലെ യാത്രയ്ക്ക് കുറഞ്ഞ നിരക്കാണ് ഈടാക്കാറുള്ളത്. ഈ കാലയളവിൽ കേരളത്തിൽനിന്ന് യുഎഇയിലേക്ക് ഇത്രയേറെ നിരക്ക് ഉയരുന്നത് ആദ്യമാണെന്നാണ് പ്രവാസികൾ പറയുന്നു.

യുഎഇയിൽനിന്ന് കേരളത്തിലെ വിവിധ സെക്ടറുകളിലേക്ക് ശരാശരി 300 ദിർഹമാണ് (7000 രൂപ) വിമാന ടിക്കറ്റ് നിരക്ക്. ഗ്രൂപ്പ് ടിക്കറ്റിലാണ് യാത്രയെങ്കിൽ 6000 രൂപയ്ക്കുവരെ ടിക്കറ്റ് ലഭിക്കും. എന്നാൽ നേരിട്ടുള്ള വിമാനങ്ങളിൽ യുഎഇയിലേക്കു തിരിച്ചുവരാൻ ഏഴിരട്ടി അതായത് 2100 ദിർഹം (52,000 രൂപ) വരെ നൽകണം. ബജറ്റ് എയർലൈനുകളിൽ അൽപം നിരക്കു കുറയുമെങ്കിലും സീറ്റ് ലഭ്യത കുറവാണ്. നിരക്ക് അൽപമെങ്കിലും കുറയാൻ ഈ മാസം അവസാനം വരെ കാത്തിരിക്കണം.

പരിമിത അവധിയെടുത്ത് നാട്ടിലെത്തിയവർക്ക് ഇത്രയും കാലം കാത്തിരിക്കാനാവില്ലെന്ന് അറിയാവുന്ന എയർലൈനുകൾ ഓൺലൈനിൽ ടിക്കറ്റ് നിരക്ക് പരതുന്നവരുടെ എണ്ണം നോക്കി വില ഉയർത്തുമ്പോൾ സാധാരണ പ്രവാസികളുടെ ഹൃദയമിടിപ്പ് കൂടുകയാണ്.

∙ ഒരു സീറ്റിന് ഇന്നലെ 61671 രൂപ
ഇന്നലെ കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈനുകളിൽ ശരാശരി 52,000 രൂപയായിരുന്നു നിരക്ക്. അവശേഷിച്ച ഒരു സീറ്റിലേക്ക് ഇൻഡിഗോ വിലയിട്ടത് 61671 രൂപ. എയർ ഇന്ത്യാ എക്സ്പ്രസിൽ ഇന്നലേക്ക് സീറ്റില്ലായിരുന്നു. ഇന്നത്തേക്കു 43,000 രൂപ നൽകണം. എയർ ഇന്ത്യയിൽ ഇന്നത്തേക്ക് 55,700 രൂപ. സ്പൈസ് ജെറ്റിൽ നാളത്തേക്കു 39,000 രൂപയും എയർ അറേബ്യയിൽ നാളത്തേക്ക് കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് 41,000 രൂപയും.

മാസങ്ങളുടെ സമ്പാദ്യം ഒരു യാത്രയ്ക്കായി മാറ്റിവയ്ക്കേണ്ടിവരുന്ന പ്രവാസി മലയാളികളുടെ തീരാദുരിതത്തിനു നേരെ കണ്ണടയ്ക്കുകയാണ് ഭരണകൂടം. നിവേദനങ്ങളും പരാതികളും നിരത്തി മടുത്ത പ്രവാസികൾക്ക് ജന്മനാട്ടിലേക്കുള്ള യാത്രകളുടെ എണ്ണം കുറയ്ക്കുകയല്ലാതെ മറ്റു വഴിയില്ല. ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വീസ കിട്ടാൻ എളുപ്പം, കുറഞ്ഞ നിരക്കിൽ ഹോട്ടൽ താമസം, ഇന്ത്യയും യുഎഇയും തമ്മിലുള്ള കുറഞ്ഞ യാത്രാ ദൈർഘ്യം, ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം തുടങ്ങിയ ഘടകങ്ങളാണ് യുഎഇയിലേക്ക് മലയാളികളടക്കം ഇന്ത്യക്കാരെ ആകർഷിക്കുന്ന ഘടകം. ഇതുമൂലം ഈ സെക്ടറിൽ സീസൺ ഭേദമന്യെ യാത്രക്കാരുണ്ടെന്നതാണ് ടിക്കറ്റ് നിരക്കു വർധന തുടരാൻ കാരണമെന്നാണ് ട്രാവൽ വിദഗ്ധരുടെ വിലയിരുത്തൽ

∙നാട്ടിലെ അവധിക്കാലത്തും അതിഭീകര നിരക്ക്
മാസാവസാനം അൽപം നിരക്കുകുറയുമെന്ന ആശ്വാസത്തിന് അധിക ആയുസുണ്ടാകില്ല. നാട്ടിൽ സ്കൂൾ അടയ്ക്കുന്ന മാർച്ച് അവസാന വാരത്തോടെ യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോൾ തന്നെ കൂട്ടിവച്ചിരിക്കുകയാണ് എയർലൈനുകൾ. സ്കൂൾ അടച്ചാൽ പ്രവാസി കുടുംബങ്ങൾ വിദേശത്തേക്കു പോകുന്നത് ഉന്നം വച്ചാണിത്.

ഇതിൽതന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറുകളെ അപേക്ഷിച്ച് കണ്ണൂരിൽനിന്നാണ് ഏറ്റവും ഉയർന്ന നിരക്ക്. ഇവിടന്ന് കൂടുതൽ വിമാന സർവീസ് ഇല്ലാത്തതാണ് നിരക്ക് ഉയർത്താൻ പ്രേരകം. കണ്ണൂരിൽനിന്ന് മാർച്ച് അവസാന വാരം ദുബായിലേക്കു യാത്ര ചെയ്ത് മേയ് അവസാന വാരം തിരിച്ചുപോകണമെങ്കിൽ ഇപ്പോൾ തന്നെ നിരക്ക് ഒരാൾക്ക് 74,000 രൂപ വരും. നാലംഗ കുടുംബത്തിന് പോയിവരണമെങ്കിൽ രണ്ടേമുക്കാൽ ലക്ഷം രൂപ വേണ്ടിവരും. ടിക്കറ്റ് ബുക്ക് ചെയ്യാൻ വൈകുന്നതിന് അനുസരിച്ച് ആനുപാതികമായി നിരക്ക് വർധിക്കും. ഗൾഫിൽ സ്കൂൾ അടയ്ക്കുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഇതേ അവസ്ഥ തന്നെ.