റിയാദ്: സഊദിയിൽ സന്ദർശക വിസ നേരിട്ട് അബ്ഷിർ വഴി പുതുക്കാൻ കഴിയാത്തതോടെ പ്രതിസന്ധിയിലായ കുടുംബങ്ങൾ മറുവഴി തേടി പരിഹാരം കാണുന്നു. അബ്ഷിർ വഴി നേരത്തെ ഉണ്ടായിരുന്ന സൗകര്യം നിലക്കുകയും മറ്റു മാർഗ്ഗങ്ങളിലൂടെയുള്ള പുതുക്കൽ ഭാഗികമാകുകയയും ചെയ്തതോടെ മാസങ്ങളോളം സഊദിയിൽ ചിലവഴിക്കാനായി ഒരുങ്ങിയെത്തിയ പ്രവാസികളാണ് ദുരിതത്തിലായത്. ഇതോടെ, നാട് പിടിക്കേണ്ട അവസ്ഥയിലുള്ളവർ അതൊഴിവാക്കി മറ്റു വഴികൾ തേടുകയാണ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദി ജവാസാത് നിർദേശിച്ച തവാസുൽ സേവനം വഴി ശ്രമിച്ചവരിൽ ബഹുഭിരിഭാഗം ആളുകൾക്കും പതിനാല് ദിവസം മാത്രമാണ് പുതുക്കി ലഭിച്ചത്. സഊദിയിൽ നിന്ന് പോകാനുള്ള ഒരു സമയ പരിധി എന്നോണമാണ് ഇത് നൽകുന്നത്. ഇതിനുള്ളിൽ ഇവർ നിർബന്ധമായും സഊദിയിൽ നിന്ന് പോകേണ്ടി വരും. ഇതോടെയാണ് മറ്റു വഴികൾ തേടി പ്രവാസികൾ രംഗത്തെത്തിയത്. കാലാവധി കഴിയുന്നതോടെ യഥാസമയം സഊദിയിൽ നിന്ന് പോയിട്ടില്ലെങ്കിൽ വൻ തുക പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വരും.
പകരം ചെലവ് കുറഞ്ഞ രീതിയിൽ ബഹ്‌റൈൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ പോയി മടങ്ങാനുള്ള പദ്ധതികൾ ആണ് പ്രവാസി കുടുംബങ്ങൾ തയാറാക്കുന്നത്. ഇതിനകം കാലാവധി കഴിഞ്ഞ തന്നെ നിരവധി കുടുംബങ്ങൾ ഇരു രാജ്യങ്ങളിലും പോയി തിരിച്ചെത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലേക്കും സ്വന്തം വാഹനവുമായി പോകാൻ സാധിക്കുമെന്നത് ഏറെ ആശ്വാസമാണ്.
നിലവിൽ ബഹ്‌റൈനിലേക്ക് കോസ്‌വേ വഴി എളുപ്പത്തിൽ പോകാൻ സാധിക്കും. ഇഖാമയുള്ളവർക്ക് ഓൺ അറൈവൽ വിസ ലഭിക്കുമെങ്കിലും കുടുംബങ്ങൾക്ക് നേരത്തെ തന്നെ വിസ ലഭ്യമാക്കണം. കുറഞ്ഞ ചിലവിൽ ട്രാവൽസുകളും ഇത് എടുത്തു നൽകുന്നുണ്ട്. ബഹ്‌റൈൻ വിസയും ഖോബാറിൽ നിന്ന് കുടുംബങ്ങളെ വാഹനത്തിൽ ബഹ്‌റൈനിൽ എത്തിച്ച് തിരിച്ചു കൊണ്ട് വിടുന്ന സംവിധാനവും ചില ട്രാവൽസുകൾ ഒരുക്കിയിട്ടുണ്ട്. 450 റിയാൽ മുതലാണ് ഏകദേശം ഓരോ പാസ്പോർട്ടിന് വിസയും ട്രാവൽ ചിലവും ഉൾപ്പെടെ ഇത്തരം ട്രാവൽസുകൾ ഈടാക്കുന്നത്.
ജോർദാനിലേക്കും എളുപ്പത്തിൽ പോകാൻ കഴിയുന്നതും ആശ്വാസമാണ്. ജോർദാൻ പാസ് എടുത്ത് പണം അടച്ചു പോകുകയാണെങ്കിൽ എമിഗ്രെഷനിൽ പണം അടക്കാതെ എളുപ്പത്തിൽ അതിർത്തി കടക്കാൻ സാധിക്കും. ഇതാണ് പലരെയും ജോർദാൻ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. ദുബൈ പോലുള്ള മറ്റു നഗരികളും അപൂർവ്വമായി കുടുംബങ്ങൾ തിരഞ്ഞെടുക്കുന്നുണ്ട്. എന്നാൽ, വർധിച്ച ചിലവ് തടസമാകുന്നുണ്ട്.
സഊദി മൾട്ടിപ്പിൾ വിസ സംവിധാനം അനുസരിച്ച് ഒരു വർഷത്തേക്കാണ് ഇപ്പോഴത്തെ വിസകൾ ലഭ്യമാകുന്നത്. ഇതിൽ ആദ്യ മൂന്ന് മാസം കഴിഞ്ഞാൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി അബ്‌ഷിർ മുഖേന ഓൺലൈൻ വഴി പുതുക്കാമായിരുന്നു. ഇൻഷുറൻസ് എടുത്ത്, പുതുക്കാനുള്ള ഫീസും അടച്ചാൽ അബ്‌ഷീർ വഴി രണ്ട് ക്ലിക്കിൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി പുതുക്കാൻ സാധിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്.
അതേസമയം, ജവാസാത്തിൽ നേരിട്ട് സന്ദർശിച്ചവർക്കും ഇപ്പോൾ 14 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുന്നത്. എന്നാൽ, വളരെ അപൂർവ്വമായി മൂന്ന് മാസത്തേക്ക് ലഭിച്ചവരും ഉണ്ട്. അബ്ഷിർ വഴി നേരിട്ടുള്ള പുതുക്കൽ ഏതാനും ദിവസങ്ങൾ മുമ്പാണ് നിലച്ചത്. ഇതെ തുടർന്ന് നിരവധി കുടുംബങ്ങൾ വിസ പുതുക്കാൻ കഴിയാതെ പ്രതിസന്ധിയിലായത് മലയാളംപ്രസ് ആണ് ആദ്യം പുറത്തുവിട്ടത്. ഇതെ തുടർന്ന് ചില കുടുംബങ്ങൾ നടത്തിയ തുടർ അന്വേഷണത്തിലാണ് ചില ആശ്വാസ നടപടികൾ കണ്ടെത്തിയത്.
സഊദി സന്ദർശക വിസ പുതുക്കാൻ കഴിയുന്നില്ല, പ്രതീക്ഷയോടെ അവധി ചിലവഴിക്കാനെത്തിയ കുടുംബങ്ങൾ പ്രതിസന്ധിയിൽ
സന്ദർശക വിസ നേരിട്ട് പുതുക്കാൻ കഴിയാത്തവർക്ക് ഇനി പുതുക്കാനായി മുന്നിലുള്ളത് രണ്ട് മാർഗ്ഗങ്ങൾ, പക്ഷെ കുടുംബങ്ങളുടെ പ്രതിസന്ധി തത്കാലം തുടരും
കുടുംബ സന്ദർശക വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജവാസാത്തിന്റെ മുന്നറിയിപ്പ്
അബ്ഷിറിൽ തവാസുൽ സേവനം എങ്ങനെ ഉപയോഗിക്കാം