സന്ദർശക വിസ നേരിട്ട് പുതുക്കാൻ കഴിയാത്തവർക്ക് ഇനി പുതുക്കാനായി മുന്നിലുള്ളത് രണ്ട് മാർഗ്ഗങ്ങൾ, പക്ഷെ കുടുംബങ്ങളുടെ പ്രതിസന്ധി തത്കാലം തുടരും

0
5185

റിയാദ്: സഊദിയിൽ സന്ദർശക വിസ നേരിട്ട് അബ്ഷിർ വഴി പുതുക്കാൻ കഴിയാത്തവർക്ക് ഇനി പുതുക്കാനായി സ്വീകരിക്കാവുന്നത് രണ്ട് മാർഗങ്ങൾ. അബ്ഷിർ വഴി നേരിട്ടുള്ള പുതുക്കൽ ഏതാനും ദിവസങ്ങൾ മുമ്പാണ് നിലച്ചത്. ഇതെ തുടർന്ന് നിരവധി കുടുംബങ്ങൾ വിസ പുതുക്കാൻ കഴിയാതെ പ്രതിസന്ധിയിൽ കഴിഞ്ഞത് മലയാളംപ്രസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതെ തുടർന്ന് ചില കുടുംബങ്ങൾ നടത്തിയ തുടർ അന്വേഷണത്തിലാണ് ചില ആശ്വാസ നടപടികൾ കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി ഇത്തരക്കാർക്ക് പുതുക്കി കിട്ടുന്നതിന് രണ്ട് മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ, രണ്ട് മാർഗ്ഗങ്ങളിലും പരിമിതി ഏറെയുള്ളത് പലരെയും വെട്ടിലാക്കുന്നുണ്ട്. വിസ പുതുക്കണമെങ്കിൽ തവാസുൽ വഴി അപേക്ഷ നൽകുകയോ ജവാസാത് ഓഫീസുകളിൽ നേരിട്ട് പോകുകയോ ആണ് വേണ്ടത്. എന്നാൽ, തവാസുൽ വഴി അപേക്ഷിച്ചവർക്ക് താത്കാലിക ആശ്വാസമെന്നോണം കുറഞ്ഞ ദിവസത്തേക്ക് മാത്രമാണ് പുതുക്കി കിട്ടുന്നത്, മാത്രമല്ല പിന്നീട് അത് പുതുക്കാനും സാധിക്കുന്നില്ല. ഇതോടെ, ഇവർക്ക് ഈ തിയ്യതി കഴിയുന്നതോടെ സഊദിയിൽ നിന്ന് പോകേണ്ടി വരും.

എന്നാൽ, ജവാസാത് ഓഫീസുകളിൽ നേരിട്ട് പോയ പലർക്കും വീണ്ടും മൂന്ന് മാസം വരെ പുതുക്കി കിട്ടിയതായും പറയപ്പെടുന്നുണ്ട്. മുൻകൂട്ടി അപ്പോയിൻമെന്റ് എടുത്താണ് ജവാസാത്തിനെ നേരിട്ട് സമീപിക്കേണ്ടത്. പക്ഷെ, ഇങ്ങനെ ജവാസാത്തിൽ പോയവരിൽ ചിലർക്ക് നിരാശയായിരുന്നു ഫലം. അബ്‌ഷീർ വഴി ശ്രമിക്കാനായിരുന്നു ഇവർക്ക് ലഭിച്ച മറുപടി. ഇതോടെ കുടുംബ സന്ദർശക വിസയിൽ എത്തിയ പ്രവാസികളിൽ വിസ തീരാനായവർ ഏറെ ആശങ്കയിലായി. ഇവർക്ക് അടുത്തൊരു മൂന്ന് മാസത്തേക്ക് കൂടി പുതുക്കാൻ സാധിച്ചിട്ടില്ലെങ്കിൽ നാട് പിടിക്കേണ്ടി വരും. എന്നാൽ, വരും ദിവസങ്ങളിൽ സീസൺ പ്രമാണിച്ച് ടിക്കറ്റ് നിരക്ക് ഉയരുന്നതും ഇവർക്ക് തിരിച്ചടിയാണ്.

അതേസമയം, അബ്ഷിർ വഴി സന്ദർശക വിസ പുതുക്കൽ നിർത്തിവെച്ചെന്ന രീതിയിൽ പ്രചാരണം നടക്കുന്നുണ്ട്. ഇതിൽ ഔദ്യോഗികമായി വിശദീകരണം വന്നിട്ടില്ല. തവാസുൽ സംവിധാനം നേരത്തെ തന്നെ അബ്‌ഷീറിൽ പല ആവശ്യങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗതിയിലുള്ള പുതുക്കൽ സംവിധാനം ലഭ്യമാകുന്നില്ലെങ്കിൽ ഇത് ഉപയോഗിച്ച് ശ്രമിക്കാം എന്ന് മാത്രം. പുതുക്കുന്നതിനുള്ള തുകയും ഇൻഷുറൻസ് തുകയുമെല്ലാം അതാത് ബാങ്കുകളിൽ അടച്ച ശേഷമാണ് തവാസുൽ വഴി അപേക്ഷിക്കേണ്ടത്.

ഏതാനും ദിവസങ്ങൾ മുതലാണ് സന്ദർശക പുതുക്കാൻ ശ്രമിച്ചവർക്ക് error മെസേജ് ലഭിച്ചു തുടങ്ങിയത്. താത്കാലിക പ്രതിസന്ധി മാത്രമായിരിക്കും ഇതെന്നും പിന്നീട് മാറുമെന്നും കരുതിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും നിരാശയാണ് ഫലം. ഇത് വരെ മൾട്ടിപ്പിൽ വിസിറ്റ് വിസക്കാർക്ക് ആദ്യ മൂന്ന് മാസം കഴിഞ്ഞാൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി അബ്‌ഷീർ മുഖേന നേരിട്ട് ഓൺലൈൻ വഴി പുതുക്കാമായിരുന്നു.

ഇൻഷുറൻസ് എടുത്ത് പുതുക്കാനുള്ള ഫീസും അടച്ചാൽ അബ്‌ഷീർ വഴി രണ്ട് ക്ലിക്കിൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി പുതുക്കാൻ സാധിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. ഏതായാലും പുതുക്കാൻ സാധിക്കാത്ത മൾട്ടിപ്പിൽ സന്ദർശക വിസക്കാർ നിശ്ചിത കാലാവധിക്ക് ശേഷം നിർബന്ധമായും സഊദിക്ക് പുറത്ത് പോയി തിരിച്ചെത്തേണ്ടി വരും.

സഊദി സന്ദർശക വിസ പുതുക്കാൻ കഴിയുന്നില്ല, പ്രതീക്ഷയോടെ അവധി ചിലവഴിക്കാനെത്തിയ കുടുംബങ്ങൾ പ്രതിസന്ധിയിൽ