സഊദി സന്ദർശക വിസ പുതുക്കാൻ കഴിയുന്നില്ല, പ്രതീക്ഷയോടെ അവധി ചിലവഴിക്കാനെത്തിയ കുടുംബങ്ങൾ പ്രതിസന്ധിയിൽ

0
9635

റിയാദ്: സഊദിയിൽ സന്ദർശക വിസയിൽ എത്തിയ കുടുംബങ്ങൾ വിസ പുതുക്കാനാകാതെ പ്രതിസന്ധിയിൽ. കാലാവധി തീരാൻ ആയവർ പുതുക്കാൻ ശ്രമിച്ചപ്പോഴാണ് പ്രശ്നമറിയുന്നത്. കഴിഞ്ഞ ദിവസം മുതൽ പുതുക്കാൻ ശ്രമിച്ചവർക്ക് error മെസേജ് ആണ് ലഭിച്ചത്. താത്കാലിക പ്രതിസന്ധി മാത്രമായിരിക്കും ഇതെന്നും പിന്നീട് മാറുമെന്നും കരുതിയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും നിരാശയാണ് ഫലം. ഇപ്പോൾ അബ്‌ഷീർ വഴി നേരിട്ട് സന്ദർശക വിസ പുതുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി കുടുംബങ്ങൾ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി രംഗത്തെത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് വരെ മൾട്ടിപ്പിൽ വിസിറ്റ് വിസക്കാർക്ക് ആദ്യ മൂന്ന് മാസം കഴിഞ്ഞാൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി അബ്‌ഷീർ മുഖേന ഓൺലൈൻ വഴി പുതുക്കാമായിരുന്നു. ഇൻഷുറൻസ് എടുത്ത് പുതുക്കാനുള്ള ഫീസും അടച്ചാൽ അബ്‌ഷീർ വഴി രണ്ട് ക്ലിക്കിൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി പുതുക്കാൻ സാധിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. പണമടച്ച് വിസിറ്റ് വിസാ കാലാവധി അബ്ഷിർ വഴി പുതുക്കാൻ ശ്രമിക്കുമ്പോൾ പുതുക്കാൻ സാധിക്കില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.

മൾട്ടി സന്ദർശക വിസ പുതുക്കാൻ ശ്രമിക്കുന്നവർക്ക് ലഭിക്കുന്ന സന്ദേശം

ഇതോടെ, സഊദിയിൽ എത്തിയ കുടുംബ സന്ദർശക വിസക്കാർ പ്രതിസന്ധിയിലായി. പലരും ജവാസാതുമായും മറ്റും ബന്ധപ്പെട്ട് ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല. വിസ തീരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളവരും നിരവധിയാണ്. വിസ പുതുക്കാൻ കാലാവധി തീരുന്നതിന്റെ ഏഴു ദിവസം മുതൽ സാധിക്കുമെങ്കിലും അവസാന നിമിഷത്തേക്ക് കാത്തിരുന്നു വെട്ടിലായവരും നിരവധിയാണ്.

എന്നാൽ, നിലവിലെ പ്രശ്നം താത്കാലിക, ടെക്നിക്കൽ പ്രശ്നം ആണോ അതല്ല ഹജ്ജുമായി ബന്ധപ്പെട്ട് ഉള്ള തീരുമാനം ആണോ എന്ന് വ്യക്തതയില്ല. നിലവിൽ വിസ സ്റ്റാമ്പിങ് നടക്കുന്നുവെന്നതും നിബന്ധനകൾ ഇല്ലാതെ തന്നെ സന്ദർശക വിസക്കാർ വരുന്നുവെന്നതും ഹജ്ജുമായി ബന്ധപ്പെട്ട വിലക്ക് ഉണ്ടാകാൻ ഇടയില്ല എന്നതാണ് നൽകുന്ന സൂചന. ടെക്നിക്കൽ എറർ മാത്രം ആയിരിക്കുമെന്ന ആശ്വാസത്തിലാണ് നിരവധി കുടുംബങ്ങൾ.

ഏതായാലും പുതുക്കാൻ സാധിക്കാത്ത മൾട്ടിപ്പിൽ സന്ദർശക വിസക്കാർ നിശ്ചിത കാലാവധിക്ക് ശേഷം നിർബന്ധമായും സഊദിക്ക് പുറത്ത് പോയി തിരിച്ചെത്തേണ്ടി വരും.