മനാമ: കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ മരണപ്പെട്ട രണ്ടു മലയാളികളുടെ മൃതദേഹങ്ങൾ ബഹ്റൈൻ കെഎംസിസിയുടെ നേതൃത്വത്തിൽ മുഹറഖ് ഖബർസ്ഥാനിൽ ഖബറടക്കി. കോഴിക്കോട് താമരശ്ശേരി കൊരങ്ങാട് സ്വദേശി ബഷീര്‍ കാറ്റാടിക്കുന്ന് (43), പാലക്കാട് സ്വദേശി തിരുവേദപ്പുറ കൊട്ടാമ്പാറ വീട്ടില്‍ ഇസ്മായില്‍ (60) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെ ബന്ധുക്കളുടെ സമ്മത പത്രങ്ങൾ എത്തിക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം രാത്രിയോടെ മുഹറഖിലെ ഹമദ് അലി കാനൂ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.
വര്‍ഷങ്ങളായി ബഹ്‌റൈനില്‍ പ്രവാസജീവിതം നയിച്ചുവരികയായിരുന്ന ഇരുവരും.
കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു മയ്യിത്ത് പരിപാലന ചടങ്ങുകൾ. കെഎംസിസി ബഹ്‌റൈന്‍ നേതാക്കളായ ഷാഫി പാറക്കട്ട, ഫൈസൽ കോട്ടപ്പള്ളി, കെ കെ സി മുനീർ, ഹാരിസ് വി വി തൃത്താല, മാസിൽ പട്ടാമ്പി, ആഷിഖ് പത്തിൽ, അൻവർ കൊടുവള്ളി, ആസിഫ് നിലമ്പൂർ, സലാം ജിദാലി, നവാസ് കുണ്ടറ, സഹീർ കാട്ടാമ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ഇസ്മായിലിന്റെ സഹോദരന്‍ മുഹമ്മദലി, മകന്‍ ശരീഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഈസ ടൗണില്‍ ജിദാലിയില്‍ ജോലി ചെയ്തുവരികയായിരുന്നു ബഷീര്‍. ഭാര്യ: ഫെമിന. മകള്‍: ഫിനു ഫാത്തിമ. 30 വര്‍ഷമായി ബഹ്‌റൈനിലുണ്ടായിരുന്ന ഇസ്മായില്‍ അടുത്തമാസം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ഉനൈസ്, ഷരീഫ്, ഉമര്‍.
ബഹ്‌റൈനില്‍ കൊവിഡ് മൂലം മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ കെഎംസിസിയുടെ നേതൃത്വത്തിൽ ഖബറടക്കി
947