ദുബായ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇ വിലക്ക് നില നിൽക്കുന്നുണ്ടെങ്കിലും സ്വകാര്യ ചാർട്ടേഡ് വിമാനങ്ങൾക്ക് യുഎഇ യിൽ പറന്നിറങ്ങാം. ഒരാൾക്ക് മൂന്നര ലക്ഷം രൂപ മുടക്കിയാൽ ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് പറന്നിറങ്ങാനാകും. ഇത്തരത്തിൽ സർവ്വീസുകളുമായി ട്രാവൽസുകൾ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. നാൽപ്പത് ലക്ഷം രൂപ മുടക്കിയാൽ ലഭ്യമാകുന്ന സ്വകാര്യ ജെറ്റ് വിമാനങ്ങളിൽ ഇത്തരത്തിൽ മലയാളികൾ ഇതിനകം തന്നെ വന്നിറങ്ങി. എട്ട് മുതൽ പത്തൊമ്പത് സീറ്റുകൾ വരെയുള്ള ചെറു വിമാനങ്ങളാണ് സർവീസുകൾക്ക് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ നിരവധി വിമാനങ്ങൾ ഇതിനകം തന്നെ ചാർട്ടേഡ് ചെയ്‌തതായാണ് ട്രാവൽസ് ഏജൻസികൾ നൽകുന്ന സൂചന.
പതിമൂന്ന് വരെ മൂന്ന് വിമാനങ്ങളാണ് ഇതിനകം തന്നെ ചാർട്ട് ചെയ്‌തിരിക്കുന്നത്. കൂടാതെ, പതിമൂന്നോളം വിമാന സർവീസുകൾക്ക് ട്രാവൽസുകൾ അനുമതി തേടി കാത്തിരിക്കുകയാണ്. യുഎഇ ചാർട്ടേഡ് വിമാനങ്ങൾ എന്ന നിലയിൽ ചെറിയ വിമാനങ്ങളാണ് പറന്നിറങ്ങുക,. കൊച്ചി, മുബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബൈയിലെ മക്തൂം വിമാനത്താവളത്തിലേക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. 15200 ദിർഹം മുതൽ 16700 ദിർഹം വരെയാണ് സീറ്റിന് ഈടാക്കുന്നത്. അനുമതി ലഭിക്കുന്ന വിമാനത്തിലെ സിറ്റിങ് കപ്പാസിറ്റി അനുസരിച്ചായിരിക്കും നിരക്ക്. ഇത് കൊണ്ട് തന്നെ സാധാരണക്കാർക്ക് ഈ യാത്ര കിനാവ് കാണാൻ മാത്രമേ സാധിക്കൂ. ബിസിനസ് രംഗത്തുള്ളവർക്ക് അടിയന്തിരമായി യുഎഇയിൽ എത്തേണ്ടവർ ഇപ്പോൾ ഈ മാർഗമാണ് തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ കുടുങ്ങിയ നിരവധിയാളുകളാണ് സ്വകാര്യ ജെറ്റിൽ യു.എ.ഇയിൽ എത്താൻ കാത്തിരിക്കുന്നതെന്നും കഴിയുന്നത്ര വിമാനങ്ങൾ ഒരുക്കാൻ ശ്രമിക്കുമെന്നും ട്രാവൽസ് വൃത്തങ്ങൾ പറയുന്നു.
യാത്രാ വിലക്കുണ്ടെങ്കിലും ബിസിനസുകാർക്ക് ചെറുവിമാനങ്ങളിൽ യു.എ.ഇയിൽ എത്തുന്നതിന് തടസമില്ല. എന്നാൽ, ദുബൈ സിവിൽ ഏവിയേഷന്റെയും ഇന്ത്യൻ അധികൃതരുടെയും അനുമതി വേണമെന്ന് മാത്രം. നാട്ടിൽ നിന്ന് 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് ടെസ്റ്റ് നിർബന്ധമാണ്. ഇവിടെ എത്തിയ ശേഷം വിമാനത്താവളത്തിലും നാലാം ദിവസവും എട്ടാം ദിവസവും പരിശോധന നടത്തണം. പത്ത് ദിവസം ഹോം ക്വാറൻറീനും നിർബന്ധമാണ്.