റിയാദ്: അന്താരാഷ്ട്ര വിമാന വിലക്ക് നീക്കുന്ന മെയ് പതിനേഴു മുതൽ സഊദി അറേബ്യ വിദേശ ടൂറിസ്റ്റുകളെ സ്വീകരിച്ചു തുടങ്ങുമെന്ന് ടൂറിസം മന്ത്രാലയം. അൽ അറബിയ ചാനലിലെ ചോദ്യം ഉത്തരം പരിപാടിയിൽ സഊദി ടൂറിസം മന്ത്രാലയത്തിലെ തന്ത്രത്തിനും നിക്ഷേപത്തിനുമുള്ള ടൂറിസം ഡെപ്യൂട്ടി മന്ത്രി ഹൈഫ അൽ സൗദ് രാജകുമാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ടൂറിസം മേഖലയ്ക്ക് 2019 മുതൽ വിദേശ വിനോദ സഞ്ചാരികളാണ് ലഭിക്കുന്നതെന്നും എന്നാൽ കൊറോണ മഹാമാരി സമയത്ത് സഊദി അറേബ്യയിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയായിരുന്നു ആദ്യ ലക്ഷ്യം. വാക്സിൻ നൽകുകയും കര, എയർ തുറമുഖങ്ങൾ തുറക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്ന ഒരു ഘട്ടത്തിലെത്തുകയും ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും ഇവർ കൂട്ടിച്ചേർത്തു.
93 പുതിയ കമ്പനികൾ രാജ്യത്തെ ടൂറിസം വിപണിയിൽ പ്രവേശിച്ചു. കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിന് സർക്കാർ ഈ മേഖലയ്ക്ക് 120 ബില്യൺ ഡോളർ പ്രോത്സാഹനമായി നൽകിയിട്ടുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് ടൂറിസത്തിനായുള്ള ആഭ്യന്തര ചെലവുകളുടെ അളവ് 33 ശതമാനം ഉയർന്നുവെന്നും രാജകുമാരി ആഭിമുഖത്തിൽ പറഞ്ഞു.