ദുബൈ: ഇന്ത്യയിൽ നിന്നുള്ള വിലക്ക് നിലവിൽ വന്നതിനു ശേഷം ചാർട്ടേഡ് ജെറ്റിൽ മലയാളി കുടുംബം ദുബൈയിൽ വന്നിറങ്ങി. പാലക്കാട് സ്വദേശിയും ബിസിനസുകാരനുമായ പി.ഡി. ശ്യാമളന്റെ കുടുംബവും ഓഫിസ് ജീവനക്കാരും അടങ്ങിയ 13 അംഗ സംഘമാണ് ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. രണ്ട് ലക്ഷം ദിർഹം (40 ലക്ഷം രൂപ) മുടക്കിയാണ് ഇവർ സ്വകാര്യ ജെറ്റിൽ യാത്ര ചെയ്തത്. മാർച്ച് 15നാണ് മകൾ അഞ്ജുവിന്റെ വിവാഹത്തിനായി ശ്യാമളനും കുടുംബവും ജീവനക്കാരും നാട്ടിലെതിയത്. ഏപ്രിൽ 20 നടന്ന മകളുടെ വിവാഹ ശേഷം യുഎഇ യാത്രാ വിലക്ക് വന്നതോടെ മടക്കയാത്ര മടങ്ങുകയായിരുന്നു.
ഷാർജ ആസ്ഥാനമായ അൽ റാസ് ഗ്രൂപ്പിന്റെ എം.ഡിയായ ശ്യാമളനും കുടുംബവും ഏപ്രിൽ 25ന് മടങ്ങിവരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഇതിന് തൊട്ടുമുൻപ് യാത്ര വിലക്ക് വന്നതോടെ യാത്ര തടസപ്പെടുകയായിരുന്നു. നാട്ടിൽ കുടുങ്ങിയ ഇവർ നടത്തിയ അന്വേഷണത്തിൽ സ്വകാര്യ ജെറ്റുകൾക്ക് അനുമതി നൽകുന്ന വിവരം അറിഞ്ഞതോടെയാണ് ഈ വഴിക്കുള്ള ഒരുക്കങ്ങൾ നടത്തിയത്. യു.എ.ഇ കേന്ദ്രീകരിച്ചുള്ള ബിസിനസായതിനാൽ എങ്ങിനെയും മടങ്ങിയെത്തണമെന്ന ആഗ്രഹത്തെ തുടർന്നാണ് ജെറ്റിനായി ശ്രമിച്ചത്. തുടർന്ന് ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്മാർട് ട്രാവൽസ് ചാർട്ടർ ചെയ്‌ത സ്വകാര്യ ജെറ്റ് വിമാനത്തിൽ കൊച്ചിയിൽ നിന്നും ശ്യാമളൻ, ഭാര്യ, കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ മകൾ അഞ്ജു, മരുമകൻ ശിവ പ്രസാദ്, മാതാപിതാക്കൾ, ഭാര്യയുടെ മാതാപിതാക്കൾ, സഹോദരി, നാല് ജീവനക്കാർ എന്നിവരടങ്ങിയ സംഘമാണ് ദുബൈയിൽ എത്തിയത്.
യാത്രാ വിലക്കുണ്ടെങ്കിലും ബിസിനസുകാർക്ക് ചെറുവിമാനങ്ങളിൽ യു.എ.ഇയിൽ എത്തുന്നതിന് തടസമില്ല. എന്നാൽ, ദുബൈ സിവിൽ ഏവിയേഷന്റെയും ഇന്ത്യൻ അധികൃതരുടെയും അനുമതി വേണമെന്ന് മാത്രം.