രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജില്‍ പരിശോധന; യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ എംഡിഎംഎയുമായി പിടിയില്‍

0
9

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടന്‍പള്ളിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാസലഹരിയെത്തിക്കുന്ന സംഘമാണ് പൊലീസിന്‍റെ പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. ഇരിങ്ങാടന്‍ പള്ളിയിലെ ലോഡ്ജില്‍ നിന്നാണ് രാത്രി രണ്ട് മണിയോടെ ബേപ്പൂര്‍ സ്വദേശി അമല്‍ കുമാര്‍, പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശി കാമ്യക റീജു എന്നിവര്‍ പിടിയിലായത്.

യുവതിയുടെ പേരിലാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തുത്. 108 ഗ്രാം എംഡിഎംഎയാണ് കസ്റ്റഡിയിലെടുത്തത്. ഇത് ചെറിയ പാക്കറ്റുകളിലാക്കി യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യുകയായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പ്രതിയായ അമൽ മുൻപും എംഡിഎംഎ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. അയാളുടെ പേരിൽ മാറാട്, ബേപ്പൂര്‍, പന്നിയങ്കര, മെഡിക്കല്‍ കോളേജ്, നല്ലളം പൊലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, പൊതു സ്ഥലത്ത് ഇരുന്ന് മദ്യം കഴിച്ചതിനും, മദ്യപിച്ചു വാഹനം ഓടിച്ചതിനുമായി പന്ത്രണ്ടോളം കേസുകള്‍ നിലവിലുണ്ട്. കുറച്ചു ദിവസങ്ങളായി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.