മട്ടന്നൂർ: മലബാറിന്റെ യാത്രാവാണിജ്യ മേഖലയിൽ വലിയ പ്രതീക്ഷകൾക്ക് ചിറകുനൽകി 2018 ഡിസംബർ 9ന് നാടിന് സമർപ്പിച്ച കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കൂടുതൽ വിമാനക്കമ്പനികളുടെ സർവീസുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനങ്ങൾ ഒന്നിനുപിറകെ ഒന്നായി പാളുന്നു. എയർ കേരള, അൽഹിന്ദ് എയർ, സ്പിരിറ്റ് എയർ എന്നീ മൂന്ന് വിമാനക്കമ്പനികൾ കണ്ണൂരിൽനിന്ന് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ഇതിനായി ചർച്ചകൾ നടത്തിയെങ്കിലും ഒന്നും യാഥാർത്ഥ്യമായില്ല.
പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങിയതോടെ കൂടുതൽ വിമാന സർവീസുകൾക്കായി കാത്തിരിക്കുന്ന യാത്രക്കാരും പ്രവാസികളും നിരാശയിലും.
കേരളത്തിന്റെ ആദ്യകാല സ്വകാര്യ വിമാനക്കമ്പനി എന്ന നിലയിൽ ശ്രദ്ധ നേടിയ എയർ കേരള 2025ൽ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് രംഗത്തെത്തിയത്. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കാനായിരുന്നു പദ്ധതി. വിമാനത്താവള അധികൃതരുമായി ചർച്ചയും നടത്തി, ധാരണാപത്രത്തിൽ എയർ കേരള സി.ഇ.ഒ ഹരീഷ് കുട്ടിയും കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാറും ഒപ്പുവെച്ചിരുന്നു.
കണ്ണൂരിൽനിന്ന് സമീപ വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. വിമാനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് പിന്നീട് കൂടുതൽ പ്രതിദിന സർവീസുകൾ ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ഇതുവരെ വിമാനങ്ങൾ പറത്താനുള്ള നടപടികൾ യാഥാർത്ഥ്യമായിട്ടില്ല. സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമായ സമയക്രമവും പുറത്തുവന്നിട്ടില്ല.
ഇതിനിടെ കണ്ണൂരിൽനിന്ന് സർവീസ് ആരംഭിക്കാൻ സ്പിരിറ്റ് എയറിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായി. മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ സ്പിരിറ്റ് എയർ സ്ഥാപകൻ സുബോധ് വർമയുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ജൂലായ് മുതൽ കണ്ണൂരിൽനിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ് ആരംഭിക്കാനായിരുന്നു ആലോചന. തിരുവനന്തപുരം, കോഴിക്കോട്, മൈസൂരു, നെയ്വേലി, കോയമ്പത്തൂർ, ആർക്കോണം തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകളായിരുന്നു പരിഗണനയിലുണ്ടായിരുന്നത്.
അൽഹിന്ദ് എയർ, ഫ്ളൈ എക്സ്പ്രസ്, ശംഖ് എയർ…കേരളത്തിൽനിന്നുള്ള അൽഹിന്ദ് എയറിന് പുറമെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഫ്ളൈ എക്സ്പ്രസ്, ലക്നൗവിൽനിന്നുള്ള ശംഖ് എയർ എന്നീ കമ്പനികൾക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതോടെയാണ് പുതിയ വിമാന സർവീസുകളെക്കുറിച്ചുള്ള പ്രതീക്ഷ ശക്തമായത്. എന്നാൽ ചർച്ചകൾക്കപ്പുറം സർവീസ് ആരംഭിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല.
കാർഗോ സർവീസുകളും തുടങ്ങിയില്ലയാത്രാവിമാന സർവീസുകൾക്കൊപ്പം ചരക്കുനീക്കത്തിനും പ്രാധാന്യം നൽകുന്ന പദ്ധതിയും സ്പിരിറ്റ് എയറുമായുള്ള ചർച്ചയിൽ മുന്നോട്ടുവെച്ചിരുന്നു. പെട്ടെന്ന് കേടാകുന്ന പഴം, പച്ചക്കറി, മത്സ്യം തുടങ്ങിയ ഉൽപ്പന്നങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനുള്ള കാർഗോ വിമാന സർവീസുകൾ ആരംഭിക്കാനും ലക്ഷ്യമിട്ടിരുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ കാർഗോ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന പദ്ധതിയെന്ന നിലയിൽ ഇതിന് ഏറെ പ്രാധാന്യവും ലഭിച്ചു. എന്നാൽ ചർച്ചകളും പ്രഖ്യാപനങ്ങളും നടന്നതല്ലാതെ സ്പിരിറ്റ് എയറിന്റെ സർവീസും ആരംഭിച്ചില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
