ജിദ്ദ കെഎംസിസി സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി തങ്ങള്‍ക്ക്

മുഹമ്മദ്‌ കല്ലിങ്ങൽ
2 Min Read

ജിദ്ദ: മുസ്ലിം ലീഗ് സ്ഥാപക നേതാക്കളിൽ പ്രമുഖനും നവോത്ഥാന നായകനും മുൻ കേരള നിയമസഭ സ്പീക്കറുമായിരുന്ന
കെ.എം സീതീ സാഹിബിൻ്റെ സ്മരണക്കായി
ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ കെ.എം സീതി സാഹിബ് സ്മാരക പുരസ്കാരത്തിന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അർഹനായി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്ലിം പിന്നാക്ക ജനവിഭാഗത്തിന് രാഷ്ട്രീയപരമായി നേതൃത്വം നൽകാൻ ധീരത കാണിക്കുകയും അവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുകയും ചെയ്ത നേതാവാണ് സീതീ സാഹിബ്. ദക്ഷിണേന്ത്യയിലെ അലീഗഡ് എന്നറിയപ്പെട്ട ഫാറൂഖ് കോളേജും എറണാകുളത്തെ കെ എം ഇ എ സ്ഥാപനങ്ങളും തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ സീതീ സാഹിബാണ് നേതൃത്വം നൽകിയത്.

നൂറ് വർഷം തികയാനിരിക്കുന്ന ‘ചന്ദ്രിക’ ദിനപത്രവും എം എസ് എഫ് എന്ന വിദ്യാർത്ഥി സംഘടനയും എസ് ടി യു എന്ന തൊഴിലാളി സംഘടനയും സ്ഥാപിച്ചതും സീതി സാഹിബായിരുന്നു. ലോ കോളേജിൻ പഠിക്കുന്ന കാലത്ത് തന്നെ മാഹാത്മാഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകനായി ശ്രദ്ധ നേടിയ അദ്ദേഹം രാജ്യം കണ്ട കിടയറ്റ നിയമ പണ്ഡിതൻമാരിൽ ഒരാളായിരുന്നു.

മത സൗഹാർദ്ധത്തിനും സമുദായ ഐക്യത്തിനും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് തങ്ങളെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ ഇ. ടി മുഹമ്മദ് ബഷീർ എം.പിയും അംഗങ്ങളായ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് കെ.പി. എ മജീദ്, പ്രമുഖ രാഷ്ട്രീയ ചരിത്രകാരൻ എം. സി വടകര ജിദ്ദ കെ. എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര എന്നിവർ പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാവും അവാർഡ്. സാമുദായിക വിദ്വേഷവും കാലുഷ്യവും നിറഞ്ഞ സമീപ കാലത്ത് എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് പിടിച്ച് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ സൗഹൃദ സംഗമങ്ങൾ കേരളം കണ്ട ഏറവും മികച്ച സാമൂഹിക ഇടപെടലായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ ഓഫ് ക്യാമ്പസുകളുള്ള ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ ചാൻസിലറും എം ഇ എ എഞ്ചിനിയറിംഗ് കോളേജ് അടക്കം മറ്റു നിരവധിയായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തി കൊണ്ട് പോവുന്ന കമ്മിറ്റികളുടെ പ്രസിഡന്റുമാണ് സാദിഖലി തങ്ങൾ. വിദ്യാർത്ഥി, യുവജന സംഘട നേതൃത്വത്തിലുടെ രംഗത്ത് വന്ന സാദിഖലി തങ്ങൾ ഇപ്പോൾ ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിൽ ഭരണകക്ഷി കൂടിയായ മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ കൂടിയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!