ഹോർമുസിൽ സ്ഥിതി ആശങ്കാജനകം; മൂന്ന് എണ്ണക്കപ്പലുകളിൽ സ്ഫോടനം

News Desk
1 Min Read

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ തട്ടി മൂന്ന് എണ്ണക്കപ്പലുകളിൽ വൻ സ്ഫോടനവും തീപിടിത്തവുമുണ്ടായതായി ഇറാൻ റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി).

മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് സ്ഫോടനം. കടലിടുക്കിന്റെ തെക്കൻ തീരത്തിനു സമീപം ഒരു കപ്പലിനും, ജലപാതയുടെ കിഴക്കുഭാഗത്ത് മറ്റ് രണ്ട് കപ്പലുകൾക്കുമാണ് നാശനഷ്ടമുണ്ടായതെന്ന് ഇറാൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സൈന്യത്തിന്റെ കനത്ത വ്യോമ-നാവിക അകമ്പടിയോടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടതെന്നും, സ്ഫോടനം തടയാൻ യുഎസ് സേനയ്ക്ക് കഴിഞ്ഞില്ലെന്നും ഐആർജിസി അവകാശപ്പെട്ടു.

സ്ഫോടനത്തിന്റെയും തീപിടിത്തത്തിന്റെയും ദൃശ്യങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അപകടത്തിൽപ്പെട്ട കപ്പലുകൾ ഏതൊക്കെയാണെന്നോ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രത്തോളമാണെന്നോ രാജ്യാന്തര സമുദ്ര നിരീക്ഷണ ഏജൻസികളോ അമേരിക്കൻ പ്രതിരോധ വകുപ്പോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ കഴിഞ്ഞ എട്ട് മാസത്തിനിടെ ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലുമായി നൂറിലധികം കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായാണ് രാജ്യാന്തര മാരിടൈം ഓർഗനൈസേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!