ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 1000 ലീറ്റർ അനധികൃത മദ്യം പിടികൂടി. വീടിനുള്ളിൽ ഹാൻഡ് പമ്പ് സ്ഥാപിച്ചാണ് 30 വയസ്സുള്ള യുവതി ആവശ്യക്കാർക്ക് മദ്യം നൽകിയിരുന്നത്.
ഇതിനായി മണ്ണിനടിയിൽ കൂറ്റൻ ടാങ്ക് സ്ഥാപിച്ച് മദ്യം നിറച്ചുവച്ചിരുന്നു. വീട്ടിലേക്കുള്ള ആവശ്യത്തിനു വെള്ളം എടുക്കാനുള്ള സൗകര്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതി അനധികൃത മദ്യ വിൽപന നടത്തിയിരുന്നത്.
ഉത്തർപ്രദേശ് പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യശേഖരം പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ സ്ഥാപിച്ച ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് ഒരു പാത്രത്തിൽ മദ്യം നിറയ്ക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസ് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തേജ്പുര ഗുരാത് ഗ്രാമത്തിലെ വീട്ടിൽ പരിശോധന നടത്തിയത്. സംഭവത്തിൽ എക്സൈസ് നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
