ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ് ഖത്തര്‍ രാജകുടുംബത്തിന്റെ കൂറ്റൻ ആഡംബര വിമാനം; സ്വിറ്റ്‌സര്‍ലന്‍ഡില്‍ സാഹസിക ലാന്‍ഡിങ് | VIDEO

malayalampress
2 Min Read

ദുബൈ: ശക്തമായ കാറ്റിനെ അതിജീവിച്ച് ഖത്തര്‍ രാജകുടുംബത്തിന്റെ വിമാനം സ്വിറ്റ്‌സര്‍ലന്‍ഡിലെ ബെര്‍ണ്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി. നവംബര്‍ 17ന് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഖത്തര്‍ സംഘത്തിലെ അംഗങ്ങളുമായി എത്തിയ വിമാനമാണ് പ്രതികൂല കാലാവസ്ഥയില്‍ ലാന്‍ഡിങ് നടത്തിയത്. വിമാനത്തിന്റെ വരവ് ചിത്രീകരിച്ച വിമാന നിരീക്ഷകനും വ്യോമയാന പ്രേമിയുമായ മത്തിയാസ് ഹാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

മണിക്കൂറില്‍ 16 നോട്ട് വേഗത്തിലായിരുന്നു കാറ്റ് വീശിയിരുന്നത്. ഇടയ്ക്കിടെ 35 നോട്ട് (മണിക്കൂറില്‍ ഏകദേശം 65 കിലോമീറ്റര്‍) വരെ വേഗത്തില്‍ കാറ്റിന്റെ ശക്തമായ അടിച്ചുവീശലുമുണ്ടായി. ലാന്‍ഡിങ്ങിനിടെ വിമാനം കാറ്റില്‍ ആടിയുലയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബെര്‍ണ്‍ വിമാനത്താവളം സന്ദര്‍ശിച്ചിട്ടുള്ള ഏറ്റവും വലിയ വിമാനങ്ങളിലൊന്നാണിതെന്നും ഹാനി പറഞ്ഞു.

ദോഹയില്‍നിന്ന് എത്തിയ വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.40ഓടെയാണ് ബെര്‍ണില്‍ ഇറങ്ങിയത്. എ7എച്ച്ഡബ്ല്യുഎല്‍ എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വിമാനം ഖത്തര്‍ അമീരി ഫ്‌ലൈറ്റിന്റെ ഭാഗമാണ്. ക്യുഎഎഫ്9 എന്ന വിമാന സര്‍വീസിലാണ് ഇത് എത്തിയത്.

പ്രതികൂല കാലാവസ്ഥ കണക്കിലെടുക്കുമ്പോള്‍ വിമാനം ലാന്‍ഡ് ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ച് വീണ്ടും ശ്രമിക്കുന്നതായിരുന്നു ഉചിതമെന്ന് വിമാനക്കമ്പനി പൈലറ്റായ തോമസ് ഹര്‍ട്ടര്‍ അഭിപ്രായപ്പെട്ടു.

ലാന്‍ഡിങ്ങിനിടയില്‍ പെട്ടെന്നുണ്ടാകുന്ന കാറ്റിന്റെ ശക്തമായ അടിച്ചുവീശല്‍ പൈലറ്റുമാര്‍ വിലയിരുത്താറുണ്ട്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടാല്‍ ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയര്‍ത്തി മറ്റൊരു ലാന്‍ഡിങ് നടത്തുകയാണ് പതിവ്. വ്യോമയാന രംഗത്ത് ഗോ എറൗണ്ട് (Goaround) എന്നാണ് ഈ നടപടിയെ വിശേഷിപ്പിക്കുന്നത്.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് വിമാനം ബെര്‍ണിലെത്തിയത്. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം നവംബര്‍ 19ന് അവസാനിച്ചു. സ്വിസ് പ്രസിഡന്റ് ഗയ് പാര്‍മെലിനുമായി അമീര്‍ കൂടിക്കാഴ്ച നടത്തി.

അറേബ്യന്‍ ഉപദ്വീപില്‍നിന്നുള്ള ഒരു രാഷ്ട്രത്തലവന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിതെന്ന് പ്രസിഡന്റ് പാര്‍മെലിന്‍ വിശേഷിപ്പിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ ബിസിനസ് പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!