ക്വലാലംപുർ: മലേഷ്യ സന്ദർശനത്തിന് ഇന്ത്യൻ പൗരന്മാർക്ക് നൽകിയിരുന്ന വിസരഹിത സൗകര്യം നിർത്തലാക്കുന്നു. ഇനിമുതൽ മലേഷ്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ ഇന്ത്യൻ പാസ്പോർട്ട് ഉടമകളും രാജ്യത്ത് എത്തുന്നതിന് മുൻപായി സാധുതയുള്ള വിസ എടുക്കേണ്ടതുണ്ട്. 2027 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇതിനായി മലേഷ്യയുടെ ‘MyVISA’ പോർട്ടൽ വഴി വിസ അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാവുന്നതാണ്. 2026 ഡിസംബർ 1 മുതൽ ഈ സൗകര്യം ലഭ്യമാണ്.
വിനോദസഞ്ചാരം, ബിസിനസ്സ്, സാമൂഹിക ആവശ്യങ്ങൾ, ട്രാൻസിറ്റ് യാത്രകൾ എന്നിവയ്ക്കായി 30 ദിവസം വരെ വിസയില്ലാതെ മലേഷ്യയിൽ തങ്ങാൻ മുൻപ് ഇന്ത്യാക്കാർക്ക് സൗകര്യമുണ്ടായിരുന്നു. വിസ രഹിത സൗകര്യം ഉപയോഗിച്ച് വിനോദസഞ്ചാരികളെന്ന വ്യാജേന തൊഴിൽ തേടി മലേഷ്യയിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതിനെ തുടർന്ന് ക്വലാലംപുരിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കൃത്യമായ വർക്ക് പെർമിറ്റ് ഇല്ലാതെ എത്തുന്നത് നിയമവിരുദ്ധ കുടിയേറ്റത്തിനും കാലാവധി കഴിഞ്ഞുള്ള താമസത്തിനും വഴിവെക്കുമെന്ന വിലയിരുത്തലിലാണ് മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
മലേഷ്യയിലേക്ക് പ്രവേശിക്കുന്നതിന് പാസ്പോർട്ടിന് കുറഞ്ഞത് 6 മാസത്തെ സാധുത ഉണ്ടായിരിക്കണം. കൂടാതെ, അവിടെ തങ്ങുന്ന കാലയളവിലെ ചെലവുകൾ വഹിക്കാൻ ആവശ്യമായ സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.
യാത്രയുടെ മുഴുവൻ കാലാവധിയും കവർ ചെയ്യുന്ന മെഡിക്കൽ ഇൻഷുറൻസ് പുതിയ നയപ്രകാരം നിർബന്ധമാണ്. ചികിത്സാ ചെലവുകൾ യാത്രക്കാർ തന്നെ വഹിക്കേണ്ടിവരുമെന്നതിനാൽ ‘MyTripPass’ പോർട്ടൽ വഴി ലഭിക്കുന്ന ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ വിസ അപേക്ഷയോടൊപ്പം സമർപ്പിക്കാനും ഇമിഗ്രേഷൻ വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.
വിസ അപേക്ഷ നൽകി 7 പ്രവൃത്തിദിവസത്തിനുള്ളിൽ അപേക്ഷയുടെ സ്റ്റാറ്റസ് ‘New Application’ അല്ലെങ്കിൽ ‘Pending Payment’ ആയി തുടരുകയാണെങ്കിൽ അപേക്ഷ സ്വയം റദ്ദാകും. വിസ ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
