ന്യൂഡൽഹി: ആസിയാൻ രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികൾക്കു സൗജന്യ ഇ–വീസ, നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിലടക്കം സഹകരണം, സംയുക്ത സൈബർ ഫൊറൻസിക് പരിശീലനപദ്ധതി തുടങ്ങിയ ഒട്ടേറെ പ്രഖ്യാപനങ്ങളുമായി ഇന്ത്യ–ആസിയാൻ ഉച്ചകോടി.
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപനങ്ങൾ നടത്തിയത്. ഏതാനും വർഷങ്ങളായി ഇന്ത്യയുടെ നയം ആസിയാൻ ബന്ധത്തിനു പുതിയ ഊർജവും ആഴവും നൽകിയതായി മോദി പറഞ്ഞു. സമാധാനം, സ്ഥിരത എന്നിവയ്ക്കുവേണ്ടി ഇന്ത്യയും ആസിയാൻ രാജ്യങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ സമുദ്രനിരീക്ഷണ സംവിധാനം, സൈനികാഭ്യാസം, കേബിൾ കണക്ടിവിറ്റി ചട്ടക്കൂട് തുടങ്ങിയ പ്രഖ്യാപനങ്ങളുമായി ചതുർരാഷ്ട്ര (ക്വാഡ്) ഉച്ചകോടി. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് കൂട്ടായ്മയുടെ നിർണായകയോഗം ആസിയാൻ ഉച്ചകോടിയുടെ ഇടവേളയിലാണു നടന്നത്.
പ്രാദേശിക സമാധാനത്തെ തടസ്സപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരെ ഇന്ത്യയും യുഎസും യോഗത്തിൽ ശബ്ദമുയർത്തി. ക്രിട്ടിക്കൽ ധാതു രംഗത്തുൾപ്പെടെ ചില രാജ്യങ്ങളുടെ ആധിപത്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചി, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനീസ് എന്നിവർ വിമർശനമുയർത്തി. പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടാണിത്.
ഇൻഡോ–പസിഫിക് സമുദ്രമേഖലയിലെ സഞ്ചാരനിയന്ത്രണത്തെ എതിർത്ത കൂട്ടായ്മ, തുറന്നതും സുതാര്യവുമായ സമുദ്രസഞ്ചാര ഇടനാഴിയാണ് ആവശ്യമെന്നു വ്യക്തമാക്കി. ക്വാഡ് ബിസിനസ് ലീഡേഴ്സ് ഫോറം രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് അടുത്തവർഷം ഇന്ത്യയിൽ നടക്കും. ഇതാദ്യമായാണു ക്വാഡ് യോഗം കൂട്ടായ്മയ്ക്കു പുറത്തുള്ള രാജ്യത്തു നടന്നത്. കഴിഞ്ഞവർഷം ക്വാഡ് യോഗം ഇന്ത്യയിൽ ചേരാനിരുന്നതാണെങ്കിലും മാറ്റിവച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
