ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപ പരാമര്‍ശം; അഭിഭാഷകന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രീംകോടതി

News Desk
1 Min Read

ന്യൂഡല്‍ഹി: കോടതിമുറിയില്‍ വെച്ച് ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ അഭിഭാഷകന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രീംകോടതി. നവംബര്‍ 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

അഭിഭാഷകനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ജോയ്മല്യ ബച്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് നടപടി സ്വീകരിച്ചത്.

അറ്റോര്‍ണി ജനറലിന്റെ അനുമതി ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് ബെഞ്ച് പ്രാഥമികമായി കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. പ്രതിയായ അഡ്വക്കേറ്റ് പ്രവീണ്‍ സിംഗല്‍ ജനുവരി 8നകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും, കേസ് പരിഗണിക്കുന്ന അടുത്ത തിയതിയില്‍ അദ്ദേഹം നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

തന്റെ ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബച്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് അഭിഭാഷകന്‍ എത്തിയത്. നവംബര്‍ 2ന് തന്റെ വിഷയം ഓഫീസില്‍ സമര്‍പ്പിച്ചിട്ടും 15 ദിവസമായിട്ടും മറുപടി ലഭിച്ചില്ലെന്നായിരുന്നു അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ അല്പം കാത്തിരിക്കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തുകയായിരുന്നു.

കോടതി നടപടികളുടെ ഓഡിയോ-വീഡിയോ റെക്കോര്‍ഡിംഗ് ഇതിനിടെ ഓഫ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയും ഈ അഭിഭാഷകന്‍ തനിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഈ സമയത്ത് വ്യക്തമാക്കിയിരുന്നു.

. ..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!