ആദ്യം മൈക്രോസോഫ്റ്റ്, പിന്നാലെ വിമാനങ്ങൾ, ഇപ്പോൾ ബാങ്കുകളും: അമേരിക്കയിലെ മുൻനിര ബാങ്കുകളെയും ‘സെല്ലെ’ പേയ്‌മെന്റിനെയും തകരാറിലാക്കി വൻ സാങ്കേതിക പ്രതിസന്ധി!

News Desk
2 Min Read

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റിന്റെയും വിമാനത്താവളങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടതിന് തൊട്ടുപിന്നാലെ അമേരിക്കയുടെ സാമ്പത്തിക മേഖലയെയും നിശ്ചലമാക്കി വൻ സാങ്കേതിക തകരാർ. അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെപി മോർഗൻ ചേസിലുണ്ടായ ഗുരുതരമായ സാങ്കേതിക തകരാറാണ് തിങ്കളാഴ്ച രാജ്യത്തെ മുഴുവൻ ബാങ്കിംഗ് സംവിധാനങ്ങളിലും പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചത്.

ഇതേത്തുടർന്ന് ജെപി മോർഗൻ ചേസ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റിഗ്രൂപ്പ്, വെൽസ് ഫാർഗോ തുടങ്ങിയ മുൻനിര ബാങ്കുകളിലെയും ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്‌ഫോമായ ‘സെല്ലെ’യിലെയും ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഓൺലൈൻ അക്കൗണ്ടുകൾ തുറക്കാനും പണമിടപാടുകൾ നടത്താനും സാധിക്കാതെ വന്നു. “ചില സേവനങ്ങൾ ലഭ്യമല്ല, പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു” എന്ന സന്ദേശമാണ് ഇടപാടുകാർക്ക് ലഭിച്ചത്.

കമ്പനിയുടെ ആഭ്യന്തര ഹാർഡ്‌വെയർ സംവിധാനങ്ങളെ ബാധിച്ച ഒരു ‘സോഫ്റ്റ്‌വെയർ ബഗ്’ ആണ് ഇടപാടുകൾ വൈകാൻ കാരണമായതെന്ന് ജെപി മോർഗൻ ചേസ് വ്യക്തമാക്കി. ചേസുമായി നേരിട്ട് പണമിടപാടുകൾ നടത്താൻ ശ്രമിച്ചപ്പോഴാണ് ബാങ്ക് ഓഫ് അമേരിക്ക, സിറ്റിഗ്രൂപ്പ് തുടങ്ങിയ മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കൾക്കും സേവനങ്ങളിൽ തടസ്സം നേരിട്ടതെന്ന് ചേസ് വക്താവ് ജോ ഇവാഞ്ചലിസ്റ്റി വിശദീകരിച്ചു. അതേസമയം തങ്ങളുടെ നെറ്റ്‌വർക്ക് പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും എന്നാൽ ചേസ് അക്കൗണ്ടുകളിലേക്ക് പണമയക്കുന്നവർക്കാണ് കാലതാമസം നേരിട്ടതെന്നും സെല്ലെയുടെ മാതൃസ്ഥാപനമായ ‘ഏർലി വാണിംഗ് സർവീസസ്’ അറിയിച്ചു.

ബാങ്ക് ഓഫ് അമേരിക്ക, ക്യാപിറ്റൽ വൺ, പിഎൻസി ബാങ്ക്, ട്രൂയിസ്റ്റ്, യുഎസ് ബാങ്ക്, വെൽസ് ഫാർഗോ എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമാണ് സെല്ലെ. സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമല്ലെന്നും ഉപഭോക്താക്കളുടെ പണവും അക്കൗണ്ടുകളും പൂർണ്ണമായും സുരക്ഷിതമാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയിൽ തുടർച്ചയായി ഉണ്ടായ വൻ സാങ്കേതിക തകരാറുകളുടെ പശ്ചാത്തലത്തിൽ പുതിയ ബാങ്കിംഗ് പ്രതിസന്ധി വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. വ്യാഴാഴ്ച മൈക്രോസോഫ്റ്റിനുണ്ടായ വൻ തകരാറിനെ തുടർന്ന് ഔട്ട്‌ലുക്ക്, ടീംസ്, എഐ അസിസ്റ്റന്റായ കോപൈലറ്റ് എന്നിവ മണിക്കൂറുകളോളം നിലച്ചിരുന്നു. അപ്‌ഗ്രേഡിനിടെ ഉണ്ടായ സാങ്കേതിക പിഴവായിരുന്നു ഇതിന് കാരണം.

തൊട്ടുപിന്നാലെ വെള്ളിയാഴ്ച രാജ്യത്തെ 50 വർഷം പഴക്കമുള്ള എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ ഒരു റൂട്ടർ തകരാറിലായതോടെ അമേരിക്കയിലുടനീളമുള്ള വിമാന സർവീസുകൾ മണിക്കൂറുകളോളം റദ്ദാക്കേണ്ടി വന്നു. ഈ മൂന്ന് സംഭവങ്ങളും തികച്ചും വ്യത്യസ്തമാണെന്നും ഇവയ്ക്ക് പിന്നിൽ സൈബർ ആക്രമണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് സർക്കാർ വൃത്തങ്ങളും കമ്പനി മേധാവികളും വിശദീകരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!