കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ് പ്രതിയായ പഞ്ചായത്ത് മെമ്പർക്ക് ഷേക്ക് ഹാൻഡ് നൽകാൻ വിസമ്മതിച്ച് അരിയിൽ ഫുട്ബോൾ ടീം. ഷൂക്കൂർ വധക്കേസിലെ 28ാം പ്രതിയും പട്ടുവം പഞ്ചായത്ത് വാർഡ് മെമ്പറുമായ പി.പി സുരേശൻ എത്തിയപ്പോഴാണ് ടീം അംഗങ്ങൾ കൈ കൊടുക്കാതിരുന്നത്. കണ്ണൂർ പട്ടുവം പഞ്ചായത്തിലെ കേരളോത്സവം ഫുട്ബോൾ മത്സരത്തിന്റെ സെമി ഫൈനലിലാണ് സംഭവം.
മത്സരത്തിന് മുന്നോടിയായി കളിക്കാരെ പരിചയപ്പെടാൻ പഞ്ചായത്ത് പ്രസിഡന്റും മറ്റ് മെമ്പർമാരും ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർക്ക് ടീം അംഗങ്ങൾ ഹസ്തദാനം നൽകിയെങ്കിലും, പി.പി സുരേശൻ എത്തിയപ്പോൾ എംഎസ്എഫ് പഞ്ചായത്ത് സെക്രട്ടറി കൂടിയായ മുഹമ്മദിന്റെ നേതൃത്വത്തിൽ താരങ്ങൾ കൈകൾ പിന്നിൽ കെട്ടി പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. അരിയിൽ ഷുക്കൂർ വധക്കേസിലുള്ള പ്രതിഷേധമായാണ് തങ്ങൾ ഇത്തരത്തിൽ പെരുമാറിയതെന്നാണ് ടീം നേതൃത്വം വ്യക്തമാക്കുന്നത്.
അതേസമയം, താൻ അവർക്ക് ഷേക്ക് ഹാൻഡ് നൽകാൻ ശ്രമിച്ചിരുന്നില്ല എന്നാണ് പി.പി സുരേശന്റെ പ്രതികരണം. എന്നാൽ, പുറത്തവന്ന വീഡിയോയിൽ അദ്ദേഹം ആദ്യം നിന്ന ഏതാനും പേർക്ക് കൈ നൽകുന്നത് വ്യക്തമാണ്.
മുസ്ലിം ലീഗ് വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. പി. ജയരാജനും രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം. ചെറുകുന്ന് കീഴറയില്‍ വച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
