കാക്കിയിട്ട് കൈക്കൂലി, ഒടുവിൽ സിഐ ഷമീർ ഖാന് വിലങ്ങ് വീണു

News Desk
1 Min Read

കോട്ടയം: കൈക്കൂലി കേസിൽ സർക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. വൈക്കം സിഐ ആയിരുന്ന പി.എ. ഷമീർഖാനാണ് പിടിയിലായത്. അസം സ്വദേശിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി മണ്ണ് മാഫിയയിൽ നിന്നടക്കം വൻ തോതിൽ പണം വാങ്ങുകയായിരുന്നു ഷമീർഖാൻ.

കാക്കിയിട്ട് അനധികൃത പണം സമ്പാദനമായിരുന്നു ഷമീർ ഖാന്റെ മാർ​ഗം. ഏറെ നാളായി മണ്ണ് മാഫിയകളുടെ കയ്യിൽ നിന്നും ക്രിമിനൽ കേസ് പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങിയിരുന്നു. വൈക്കം സിഐ ആയി ചുമതലയേറ്റതിന് ശേഷം മാത്രം നടത്തിയ പണമിടപാടിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

അസം സ്വദേശിയെ ഭീഷണിപ്പെടുത്തി ഷമീർഖാൻ സെപ്റ്റംബർ അഞ്ചിന് കാനറ ബാങ്കിൽ ഒരു അക്കൗണ്ട് എടുപ്പിച്ചു. വൈക്കം സ്വദേശിയായ അരുൺ എന്നയാളുടെ പേരിലുള്ള മൊബൈൽ നമ്പർ ആണ് അക്കൗണ്ടിന് നൽകിയത്. തുടർന്ന് ബാങ്ക് പാസ് ബുക്കും എടിഎം കാർഡും സിംകാർഡും ഷമീർഖാൻ കൈവശം വച്ചു. ഈ അക്കൗണ്ടിലേക്ക് ആണ് യുപിഐ വഴി മണ്ണ് മാഫിയ, ലോറിക്കാർ, ടിപ്പർ, ടോറസ് ഉടമകൾ ക്രിമിനൽ കേസ് പ്രതികൾ എന്നിവരിൽ നിന്ന് പണം വാങ്ങിയത്. സെപ്റ്റംബർ അഞ്ച് മുതൽ ഒക്ടോബർ പത്ത് വരെ 227000 രൂപയാണ് അക്കൗണ്ടിലെത്തിയത്.

ഈ വിവരം കിട്ടി വിജിലൻസ് സംഘം ഒക്ടോബർ 16 ന് സിഐയുടെ ഓഫീസിൽ മിന്നൽ പരിശോധന നടത്തി. ഓഫീസിൽ നിന്ന് ഷമീർഖാൻ കൈവശം വച്ചിരുന്ന എടിഎം കാർഡും സിംകാർഡും കണ്ടെത്തി. അങ്ങനെ വിജിലൻസ് കേസെടുത്തു. പിന്നീട് നടത്തിയ പരിശോധനയിൽ വൈക്കം കുറവിലങ്ങാട് ഭാഗങ്ങളിലെ വിവിധ എടിഎമ്മുകളിൽ നിന്നാണ് ഷമീർഖാൻ പണം പിൻവലിച്ചതിന്‍റെ തെളിവുകളും വിജിലൻസിന് കിട്ടി.

കേസെടുത്തതിന് പിന്നാലെ ഇയളെ സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്തു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് മുണ്ടക്കയം വിളനിലം സ്വദേശിയായ ഷമീ‌ർഖാനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മുമ്പും കൈക്കൂലി ആക്ഷേപങ്ങളുണ്ടായിരുന്നു.
..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!