‘80 പവനും കാറും സ്ത്രീധനമായി ചോദിച്ചു; മാനസിക പീഡനം’: ആരോപണവുമായി സായയുടെ കുടുംബം

News Desk
1 Min Read

കൊല്ലം: ഇരവിപുരം ഭരണിക്കാവിൽ ഷാജി– റിഹാന ദമ്പതികളുടെ മകൾ സായയെ (26) ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് മാടൻനട സ്വദേശി അഫ്സലിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ.

മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ‍ ദുരൂഹതയുണ്ടെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. 80 പവൻ സ്വർണവും കാറുമാണ് സ്ത്രീധനമായി ചോദിച്ചു വാങ്ങിയത്. 100 പവൻ കിട്ടുമായിരുന്നെന്നും മറ്റും പറഞ്ഞാണ് മാനസിക പീഡനം ഏൽപിച്ചിരുന്നതെന്നാണ് ആക്ഷേപം.

വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട് സായയ്ക്ക് മാനസിക സമ്മർദമുണ്ടായിരുന്നുവെന്നും അഫ്സലിന്റെ അമ്മാവൻ ഇക്കാര്യം ഇടയ്ക്കിടെ പറഞ്ഞ് ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ആരോപണമുണ്ട്. നിരന്തരമായി സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ വീട്ടിലുണ്ടായിരുന്നുവെന്നും സായ മാനസികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും കുടുംബം പൊലീസിനു മൊഴി നൽകി. ഏതു പ്രതിസന്ധിയിലും മകൾ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും ഇത് ആരോ ചെയ്തതാണെന്നാണു സംശയമെന്നും പിതാവ് ഷാജി ആരോപിക്കുന്നു.

‘എന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എനിക്ക് അറിയാവുന്നതു പോലെ മറ്റാർക്കും അവളെ അറിയില്ല. എന്റെ കു‍ഞ്ഞിനെ സ്നേഹിച്ചു കൊതി തീർന്നിട്ടില്ല. നഷ്ടപ്പെട്ടത് എനിക്കാണ്, എന്റെ പൊന്നുമോളെയാണ്. ഞാനതെങ്ങനെ സഹിക്കും. അവളായിരുന്നു എനിക്കെല്ലാമെല്ലാം. എന്റെ അവസ്ഥ വേറൊരു അമ്മയ്ക്കും ഉണ്ടാകരുത്. അവളുടെ മരണത്തിനു പിന്നിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയണം’– സായയുടെ മാതാവ് റിഹാന ഷാജി മനോരമയോടു പറഞ്ഞു. സംഭവ ദിവസവും സായ മാതാവിനെ ഫോണിൽ വിളിച്ചിരുന്നു. വൈകിട്ടു സംഭവിച്ച എന്തോ ദുരൂഹമായ കാരണമാണ് മരണത്തിനു പിന്നിലെന്നും നീതി ലഭിക്കണമെന്നും മാതാവ് റിഹാന ആവശ്യപ്പെട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!