ഉംറ യാത്രയ്ക്ക് മുമ്പ് വിമാനത്താവളത്തിൽ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നതിനിടെ തുർക്കി ഇമാം കുഴഞ്ഞുവീണ് മരിച്ചു

malayalampress
1 Min Read

ഇസ്താംബുൾ/മക്ക: ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുൻപ് വിമാനത്താവളത്തിൽ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നതിനിടെ കുഴഞ്ഞുവീണ് തുർക്കി ഇമാം മരിച്ചു. കോന്യയിലെ ബെയ്ഷെഹിർ സ്വദേശിയും വിരമിച്ച ഇമാമുമായ അബ്ദുല്ല ഓസ്‌കാൻ (68) ആണ് മരിച്ചത്. ഇന്നലെ കോന്യ വിമാനത്താവളത്തിലായിരുന്നു സംഭവം.

മക്കയിലേക്ക് ഉംറ നിർവഹിക്കാൻ പുറപ്പെടാനൊരുങ്ങിയ 180 ഓളം തീർഥാടകർക്കൊപ്പമായിരുന്നു അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. തീർഥാടനത്തിനുള്ള പരമ്പരാഗത വെള്ള വസ്ത്രമായ ഇഹ്‌റാം ധരിച്ചായിരുന്നു അദ്ദേഹം സംഘത്തിനൊപ്പം ചേർന്നത്.

യാത്രയ്ക്കു മുൻപായി തീർഥാടകർക്കായി സംഘടിപ്പിച്ച യാത്രയയപ്പ് പ്രാർഥനയ്ക്ക് അബ്ദുല്ല ഓസ്‌കാനാണ് നേതൃത്വം നൽകിയത്. പ്രാർഥനയ്ക്കിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. യാത്രാ നടപടികൾ പൂർത്തിയാക്കിയശേഷം ഓസ്‌കാൻ പ്രാർഥനയ്ക്ക് നേതൃത്വം നൽകുകയും തുടർന്ന് തൽബിയ്യയും പ്രവാചകൻ മുഹമ്മദ് നബി(സ്വ. അ)ക്കുള്ള സ്വലാത്തും ചൊല്ലുകയും ചെയ്തു.

പ്രാർഥനയുടെ അവസാന ഭാഗത്ത് അദ്ദേഹത്തിന്റെ ശബ്ദം ദുർബലമായതായും തുടർന്ന് മുന്നോട്ടേക്ക് കുഴഞ്ഞുവീണതായും ദൃക്സാക്ഷികൾ പറഞ്ഞു. വിമാനത്താവളത്തിലെ മെഡിക്കൽ സംഘം ഉടൻ പ്രാഥമിക ചികിത്സ നൽകുകയും ഹൃദയശ്വാസ പുനരുജ്ജീവന നടപടികൾ (സിപിആർ) നടത്തുകയും ചെയ്തു.

തുടർന്ന് ആംബുലൻസിൽ സെൽകുക് സർവകലാശാല മെഡിക്കൽ ഫാക്കൽറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!