സഊദിക്ക് നേരെ വ്യാപക മിസൈൽ ആക്രമണം; പ്രതിരോധിച്ച് സേന, റിയാദിൽ അരാംകോ കെട്ടിടത്തിന് കേടുപാടുകൾ 

malayalampress
1 Min Read

റിയാദ്: സഊദിയിൽ വിവിധ ഭാഗങ്ങളിലേക്ക് ഹൂതികളുടെ വ്യാപക മിസൈൽ ആക്രമണങ്ങൾ. കിഴക്കൻ സഊദി, തലസ്ഥാന നഗരിയായ റിയാദ് എന്നിവിടങ്ങളിലാണ് മിസൈൽ ആക്രമണങ്ങൾ നടന്നത്. എന്നാൽ, മിസൈലുകൾ ലക്ഷ്യം കാണും മുമ്പ് സഊദി പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതിനാൽ വൻ ദുരന്തങ്ങൾ ഒഴിവായി.

ഇന്ന് രാവിലെയാണ് റിയാദിലേക്ക് രണ്ട് ഹൂത്തി മിസൈലുകള്‍ എത്തിയത്. എന്നാൽ, അവ പ്രതിരോധിച്ചതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. വ്യോമപ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്. കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഒരു ബാലിസ്റ്റിക് മിസൈലും റിയാദിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആകാശത്തുവെച്ചുതന്നെ വ്യോമസേന തകർത്തു. ഇതിനുപുറമെ, റിയാദ്, തെക്കൻ മേഖലകൾ ലക്ഷ്യമിട്ട് വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകളും വിജയകരമായി നിഷ്പ്രഭമാക്കിയതായി മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.

റിയാദിൽ അരാംകോ ഓഫീസ് തകർന്നു

അതേസമയം, ഇന്ന് രാവിലെ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ റിയാദിലെ അറാംകോ കമ്പനിയുടെ കെട്ടിടങ്ങളിലൊന്നിന് നാശനഷ്ടം സംഭവിച്ചു. സഊദി ഊര്‍ജമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിസൈല്‍ അവശിഷ്ടങ്ങള്‍ കെട്ടിടത്തില്‍ പതിച്ചതാണ് നാശനഷ്ടത്തിന് കാരണം. ആളപായം സംഭവിച്ചിട്ടില്ല. ബന്ധപ്പെട്ട അധികൃതർ ഈ സംഭവത്തിൽ ഇടപെടാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ടെന്ന് ഉറവിടം കൂട്ടിച്ചേർത്തു.

അപായ സൈറൺ മുഴക്കി സഊദി

ദമാം, ദഹ്‌റാൻ, അബ്‌ഖൈഖ്, നജ്‌റാൻ, റിയാദ് എന്നിവിടങ്ങളിൽ, അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി ‘നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം ഫോർ എമർജൻസീസ്‌’ (National Early Warning Platform for Emergencies) വഴി സിവിൽ ഡിഫൻസ് മുൻകൂർ മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ, ഏതാനും മിനിറ്റുകൾക്ക് ശേഷം അപകടം ഒഴിഞ്ഞുപോയതായി അവർ അറിയിക്കുകയും ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!