എഴുപതാണ്ടിന്‍റെ പെരുമ..! മലയാളനാടിന് ഇന്ന് പിറന്നാൾ: ഇന്ന് കേരളപ്പിറവി

News Desk
2 Min Read

ഇന്ന് കേരളപ്പിറവി. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള ഈ കുഞ്ഞ് സംസ്ഥാനം 70-ാം ജന്മദിനം ആഘോഷിക്കുമ്പോൾ കേരളപ്പിറവിയുടെ ചരിത്രത്താളുകൾ നോക്കാം. സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കലകളുടെയും നാടായ കേരളം പിറക്കുന്നത് ഭാഷാ അടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിനാണ്.

ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് അറ്റത്തുള്ള സംസ്ഥാനം. തെക്കു കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടക. പടിഞ്ഞാറ് അറബിക്കടൽ. പുൽമേടുകൾകൊണ്ട് നിറഞ്ഞ കുന്നുകളും പ്രകൃതി സൗന്ദര്യവും നിറഞ്ഞു നിൽക്കുന്ന പശ്ചിമഘട്ടവും കളകളം പാടി ഒഴുകുന്ന നദികളും അങ്ങനെ വാക്കുകളിൽ ഒതുങ്ങാത്ത മണ്ണാണിത്. കേരളീയരുടെ പൊതു വ്യവഹാരഭാഷ, ദ്രാവിഡഭാഷാ ഗോത്രത്തിൽപെട്ട മലയാളം.

1947ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാടിസ്ഥാനത്തിൽ പുതിയ സംസ്ഥാനങ്ങൾ ഉണ്ടാകണമെന്ന ശക്തമായ ജനകീയ ആവശ്യമുയർന്നു. തുടർന്ന് സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം 1956ൽ സംസ്ഥാന പുനഃസംഘടനാ നിയമം പാസാക്കി. നവംബർ 1ന്, മദ്രാസിലെ തെക്കൻ കാനറാ ജില്ലയിലെ കാസർഗോഡ് താലൂക്ക്, മദ്രാസിലെ മലബാർ ജില്ല, തിരുവിതാംകൂർ-കൊച്ചി എന്നീ നാല് തെക്കൻ താലൂക്കുകളില്ലാതെ തമിഴ്‌നാട്ടിൽ ചേർന്ന സംസ്ഥാന പുനഃസംഘടനയ്ക്ക് കീഴിൽ കേരള സംസ്ഥാനം രൂപീകരിച്ചു.

ഇതിൽ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ, അതുപോലെ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ, എന്നിവയെ ലയിപ്പിച്ചുകൊണ്ട് അഥവാ മലയാളം മുഖ്യ ഭാഷയായ പ്രദേശങ്ങളെ കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിച്ചു.

സ്വാതന്ത്ര്യം ലഭിച്ച് ഏതാണ്ട് ഒമ്പത് വർഷത്തിന് ശേഷം കേരള സംസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്നു. 1957-ലെ പുതിയ കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു. ലോകത്തിലാദ്യമായി ബാലറ്റിലൂടെ തരഞ്ഞെടുക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ.

ഏതാണ്ട് 580 കിലോമീറ്റർ നീളവും, 125 കിലോമീറ്റർ വീതിയും ഉള്ള ഈ പ്രദേശം മനോഹരമായ തീരപ്രദേശങ്ങളാലും കായലുകളാലും വനങ്ങളാലും നിബിഡമാണ്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന ഈ കൊച്ചു സംസ്ഥാനത്തിൽ 44 നദികൾ ഉണ്ട്

ഇതിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നു. ഈ നാടിന്റെ ആകർഷണവലയത്തിലേക്ക് ഒഴുകിയെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം അസംഖ്യമാണ്. കഥകളിയും ഓട്ടൻതുള്ളലുമെല്ലാം ഇന്നൊരുപക്ഷേ മലയാളിയെക്കാളേറെ അനുഭവിക്കുന്നത് വിദേശികളാണ്. രാജ്യത്തെ 100ശതമാനം സാക്ഷരതയുള്ള നാടാണ് നമ്മുടേത്. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം,ജനകീയാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്.

ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നറിയപ്പെടുന്ന ഈ കൊച്ചു കേരളത്തിലാണ് ആദ്യമായി സ്കൂളുകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഏർപ്പെടുത്തിയത്. വർധിച്ചുവരുന്ന ലഹരി ഉപയോഗങ്ങളും രാസലഹരിയുടെ കടന്നുവരവും അമ്മിഞ്ഞപ്പാലിന്റെ മധുരമുള്ള മലയാളത്തിന് അതിജീവിക്കാൻ കഴിയേണ്ടതുണ്ട്. അതും ഓരോ മലയാളിയും തിരിച്ചറിയുന്ന ദിവസംകൂടിയായി ഈ കേരളപ്പിറവി മാറട്ടെ. മറ്റൊന്നുകൂടി.

കേരളീയത എന്ന് വിളിച്ചുപോരുന്ന അടിസ്ഥാന സ്വത്വം പോലും രാഷ്ട്രീയ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ നാമെങ്ങനെ ഇങ്ങനെയായി.. ഇവിടെവരെയെത്തി… നമ്മളുരുവായതെങ്ങനെ എന്ന ഓർമപുതുക്കലിന്റെ രാഷ്ട്രീയം ഈ ദിവസം അത്രമേൽ പ്രസക്തമാണ്. എല്ലാ മലയാളികൾക്കും കേരളപ്പിറവി ദിനാശംകൾ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!