വ്യാജ ഇമെയിലിൽ കുടുങ്ങി ലുലു ഗ്രൂപ്പ്; 1.64 കോടി രൂപയുടെ സൈബർ തട്ടിപ്പ്

malayalampress
1 Min Read

കൊച്ചി: ഇറ്റാലിയൻ കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേന ആൾമാറാട്ടം നടത്തി ലുലു ഗ്രൂപ്പിൽനിന്ന് 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലുലു ഗ്രൂപ്പിന്റെ ദീർഘകാല ബിസിനസ് പങ്കാളിയായ ഇറ്റാലിയൻ കമ്പനിയായ ഐ.ഇ പാർക്ക് എസ്.ആർ.എല്ലിന്റെ ഇമെയിൽ വിലാസത്തോട് സാമ്യമുള്ള വ്യാജ വിലാസങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. കമ്പനിയുടെ പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് വ്യാജ ഇൻവോയ്സുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അയച്ചായിരുന്നു തട്ടിപ്പ്.

ഗെയിമിങ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന കുടിശ്ശിക ആവശ്യപ്പെട്ടാണ് തട്ടിപ്പുകാർ ഇമെയിലുകൾ അയച്ചത്. ഈ സന്ദേശങ്ങൾ യഥാർഥമാണെന്ന് വിശ്വസിച്ച ലുലു ഗ്രൂപ്പ് നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയായിരുന്നു.സാംസ്കാരിക യാത്

ഈ വർഷം സെപ്റ്റംബർ 2 മുതൽ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ആകെ 1,50,500 യൂറോയാണ്, ഏകദേശം 1.64 കോടി രൂപ, തട്ടിപ്പുകാർ നൽകിയ അക്കൗണ്ടുകളിലേക്ക് കൈമാറിയത്.

തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് ലുലു ഗ്രൂപ്പിന്റെ ലീഗൽ മാനേജർ ദീപക് ശ്രീധർ നായർ കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.

വ്യാജ ഇലക്ട്രോണിക് സന്ദേശങ്ങളും ആൾമാറാട്ടവും ഉപയോഗിച്ച് ലുലു ഗ്രൂപ്പിന് സാമ്പത്തിക നഷ്ടമുണ്ടാക്കി അനധികൃതമായി പണം കൈക്കലാക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!