സമരപന്തൽ പൊളിച്ചു: ജാമിയ മിലിയയിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ സംഘർഷം; റെഗുലർ ക്ലാസുകൾ റദ്ദാക്കി

News Desk
1 Min Read

ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ  വിദ്യാർഥികളുടെ നിരാഹാര സമര പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്ന് സംഘര്‍ഷം. ക്യാമ്പസിനുള്ളിൽവെച്ച് വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായാണ് പന്തൽ ഒരുക്കിയിരുന്നത്. ഈ മാസം 16 മുതലാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്.

എന്നാല്‍ സംഘര്‍ഷം കനത്തതോടെ സര്‍വകലാശാലയിലെ റെഗുലര്‍ ക്ളാസുകള്‍ റദ്ദാക്കി. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

2006-ൽ നിർത്തിവെച്ച വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെക്കുന്നത്.

നേരത്തെയും സമരപ്പന്തൽ പൊളിച്ചുനീക്കാൻ സുരക്ഷാ ജീവനക്കാർ ശ്രമിച്ചിരുന്നതായി വിദ്യാർഥികൾ പറയുന്നു. മുന്നറിയിപ്പൊന്നും നൽകാതെയാണ് ഇത്തവണ പന്തൽ നീക്കം ചെയ്തതെന്നാണ് അവരുടെ ആരോപണം.

ക്യാമ്പസിലെ ലൈറ്റുകൾ അണച്ചശേഷം പന്തലിലുണ്ടായിരുന്ന വിദ്യാർഥികളെ മർദിക്കുകയും വലിച്ചിഴച്ച് ഗേറ്റിന് പുറത്തേക്ക് കൊണ്ടുപോയി പൊലീസിന് കൈമാറുകയും ചെയ്തതായും വിദ്യാർഥികൾ ആരോപിച്ചു.

സംഭവത്തിൽ സുരക്ഷാ ജീവനക്കാർക്കെതിരെ വിദ്യാർഥികൾ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!