ഖത്തർ KMCC ഓഫീസിലെ കോടികളുടെ കവർച്ച: സഹകരിച്ചാൽ റൊട്ടാന റസാഖിനെ കേസിൽ നിന്ന് ഒഴിവാക്കാം; ബോംബെ ഷാജിയുടെ ശബ്ദസന്ദേശം

malayalampress
2 Min Read

കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിലെ കോടികളുടെ കവർച്ചയിൽ പുതിയ ശബ്ദസന്ദേശം പുറത്ത്. മുഖ്യപ്രതി ബോംബെ ഷാജി, പ്രതികളിൽ ഒരാൾ ആയ റൊട്ടാന റസാഖിന്റെ സഹോദരൻ ഹസന് അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സഹകരിച്ചാൽ റൊട്ടാന റസാഖിനെ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നാണ് സന്ദേശം. തന്റെ കയ്യിൽ ചില സാധനങ്ങൾ കൂടി വരാൻ ഉണ്ടെന്നും നിലവിൽ കയ്യിൽ ഉള്ള തെളിവ് കൊണ്ട് റസാഖിന്റെ കാര്യം പോക്കാണെന്നും ഷാജി ശബ്​ദ സന്ദേശത്തിൽ പറയുന്നുണ്ട്.

ഓഫീസിലെ കവർച്ച ക്വട്ടേഷനെന്ന് തെളിയിക്കുന്ന ബോംബെ ഷാജിയുടെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. ഖത്തർ വ്യവസായി കമറുദ്ദീൻ പയ്യോളിക്കാണ് ബോംബെ ഷാജി ശബ്ദ സന്ദേശം അയച്ചത്. കവർച്ച നടത്തിയത് കമറുദ്ദീന് വേണ്ടിയാണെന്ന് ബോംബെ ഷാജി പറയുന്നതാണ് ശബ്ദ സന്ദേശം. ഇതിന് പിന്നാലെയാണ് പുതിയ ശബ്ദസന്ദേശം പുറത്തുവന്നത്.

കെഎംസിസി ഖത്തർ വൈസ് പ്രസിഡൻ്റ് പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പൊലീസ് 8 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബോംബെ ഷാജി, റാഷി പയ്യോളി, സാലിഹ് , ഹസൻ, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

പാർട്ടിയാണ് പരാതി കൊടുത്തതും അറസ്റ്റ് ചെയ്യിച്ചതും, ശിക്ഷ വാങ്ങി കൊടുക്കാൻ മുന്നിലുണ്ടാകും’ -പി.എം.എ സലാം

ഖത്തർ കെഎംസിസിയുടെ കോടിക്കണക്കിന് രൂപ കവർന്ന സംഭവത്തിൽ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കേസുമായി പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും കെഎംസിസിക്കാർ പങ്കാളിയാണെങ്കിൽ അവനെ പാർട്ടിയിൽനിന്ന് ഒഴിവാക്കൽ മാത്രമല്ല, മാതൃകാപരമായ ശിക്ഷ കൂടി കൊടുക്കുവാൻ മുസ്‍ലിം ലീഗ് മുന്നിൽ ഉണ്ടാകും’

‘പാർട്ടിയാണ് പരാതി കൊടുത്തത്. പാർട്ടിയാണ് പരാതിയുടെ പിറകെ പോയി എഫ്.ഐ.ആർ പ്രതികളെ അറസ്റ്റ് ചെയ്യിച്ചത്. ഒരു കളവ് നടന്നാലോ കുറ്റകൃത്യം നടന്നാലോ പാർട്ടി അല്ലല്ലോ നടപടി എടുക്കുക. ബന്ധപ്പെട്ട പൊലീസ് വിഭാഗവും ജുഡീഷ്യറിയും ഒക്കെയല്ലേ. അത് നടക്കുന്നുണ്ട്. അന്വേഷണത്തോട് പൂർണമായും സഹകരിക്കും. അതിൽ ഏതെങ്കിലും കെഎംസിസിക്കാർ പങ്കാളിയാണെങ്കിൽ അവനെ പാർട്ടിയിൽനിന്ന് ഒഴിവാക്കൽ മാത്രമല്ല, മാതൃകാപരമായ ശിക്ഷ കൂടി കൊടുക്കുവാൻ മുസ്‍ലിം ലീഗ് മുന്നിൽ ഉണ്ടാകും’ -അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ബി.ജെ.പി പ്രാദേശിക നേതാവ് ബാലകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നുപേരെ കൂടി പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലും ഖത്തറിലും വ്യവസായ സ്ഥാപനങ്ങളുള്ള കെ.എം.സി.സിയില്‍ വന്‍ സ്വാധീനമുള്ള വ്യവസായിയുടെ പങ്കും അന്വേഷിക്കും. പ്രതികളിലൊരാളായ ബോംബെ ഷാജിയു​ടെ ഫോണ്‍ റെക്കോര്‍ഡില്‍ പരാമര്‍ശിക്കുന്ന ഖമറു പയ്യോളി, ഹസൈനാര്‍ എന്നിവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തും.

ഖമറു പയ്യോളിയാണ് ബോംബെ ഷാജിക്ക് കവർച്ചയുടെ ക്വട്ടേഷന്‍ നല്‍കിയതെന്നാണു സൂചന. അതിനിടെ കേസിലെ പ്രതികള്‍ പരസ്പരം വിലപേശുന്ന കൂടുതല്‍ ശബ്ദ സന്ദേശങ്ങള്‍ പുറത്തുവരുന്നുണ്ട്. അറസ്റ്റിലായ ബാലകൃഷ്ണന്റെ നിരവധി വിഡിയോകളും സംഭാഷണങ്ങളും പുറത്തുവരുന്നുണ്ട്. ഒന്നാംപ്രതി ബോംബെ ഷാജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊയിലാണ്ടി കോടതി പരിഗണിക്കും. കേസിലെ ഗൂഡാലോചനയില്‍ അടക്കം പങ്കുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കും.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!