ഉംറ കഴിഞ്ഞ് മടങ്ങവെ മലയാളി തീര്‍ഥാടക ബസില്‍ മരിച്ചു

News Desk
1 Min Read

മസ്‌കത്ത്: ഉംറ തീര്‍ഥാടനം കഴിഞ്ഞ് ഒമാന്‍ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വനിത ബസില്‍ വെച്ച് മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശി സൈനുലബ്ദീന്റെ ഭാര്യ പൗരുഷ ബീവി (63) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് പൗരുഷ ബീവി നാട്ടില്‍നിന്ന് ഉംറ നിര്‍വഹിക്കാനായി സൗദിയിലെത്തിയത്.

ഉംറ പൂര്‍ത്തിയാക്കിയ ശേഷം രണ്ട് ദിവസം കാത്തിരുന്നെങ്കിലും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനെ തുടര്‍ന്ന് ഒമാന്‍ വഴി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മസ്‌കത്തില്‍നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനായി ടിക്കറ്റും എടുത്തിരുന്നു.

യാത്രാസംഘത്തില്‍ 43 പേരുണ്ടായിരുന്നു. സൗദിയില്‍നിന്ന് ഒമാനിലേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭര്‍ത്താവ് സൈനുലബ്ദീൻ കൂടെ ഉംറ സംഘത്തിലുണ്ട്. മൃതദേഹം ഇബ്രി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!