ശ്രീനഗർ: ജമ്മു കശ്മീരിൽ ജു മുഅ ഖുതുബക്ക് ഏകീകൃത വിഷയങ്ങൾ നിശ്ചയിക്കാനുള്ള വഖ്ഫ് ബോർഡ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുസ്ലിംകളുടെ മതപരമായ കാര്യങ്ങളിലും ആരാധനാ സ്വാതന്ത്ര്യത്തിലും ഇടപെടാനും നിയന്ത്രണമേർപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് രാഷ്ട്രീയ മതസംഘടനാ നേതാക്കൾ ആരോപിച്ചു.
ജുമുഅ പ്രഭാഷണങ്ങൾക്ക് അന്തിമരൂപം നൽകുന്നതിനായി മുഫ്തിമാരും ഇമാമുമാരും ഖതീബുമാരും അടങ്ങുന്ന കോർ കമ്മിറ്റിക്ക് രൂപം നൽകുമെന്നാണ് കഴിഞ്ഞ ദിവസം ശ്രീനഗറിലെ വഖ്ഫ് ബോർഡ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ അറിയിച്ചത്. 1,500 ഓളം മതപണ്ഡിതന്മാർ യോഗത്തിൽ നേരിട്ടും ജമ്മു മേഖലയിൽ നിന്നുള്ളവർ വീഡിയോ കോൺഫറൻസിംഗ് വഴിയും പങ്കെടുത്തതായി അധികൃതർ അറിയിച്ചു.
മതസ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം, ധാർമികത, ഐക്യം, സാമൂഹിക സൗഹാർദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രഭാഷണങ്ങൾ ഉറപ്പാക്കലാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജമ്മു കശ്മീരിലെ മുതിർന്ന ബി ജെ പി നേതാവ് കൂടിയായ വഖ്ഫ് ബോർഡ് ചെയർപേഴ്സൻ ഡോ. സയ്യിദ് ദരക്ഷൻ അന്ദ്രാബി അവകാശപ്പെട്ടു.
മുൻകൂട്ടി തയ്യാറാക്കുന്ന വിഷയങ്ങൾ കമ്മിറ്റി പണ്ഡിതന്മാർക്ക് കൈമാറുമെന്നാണ് ബോർഡ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ഇമാമുമാരുടെയും പണ്ഡിതന്മാരുടെയും സ്വതന്ത്രമായ നിലപാടുകളെ തകർക്കുന്നതാണ് നീക്കമെന്ന് വ്യക്തമാക്കി കശ്മീരിലെ രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും രംഗത്തെത്തി.
മുസ്ലിംകളുടെ മതപരമായ കാര്യങ്ങളിൽ ബി ജെ പിയുടെ അസ്വീകാര്യമായ ഇടപെടലാണിതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, നടപടി ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. “ഏകോപനം’ എന്ന പേരിൽ വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്ന് ശ്രീനഗർ എം പി ആഗ സയ്യിദ് റുഹുല്ല മെഹ്ദി വിമർശിച്ചു.
വഖ്ഫ് ബോർഡിന്റെ നിർദേശത്തെ മിർവായിസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള മത-സാമൂഹിക സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദെ മജ്ലിസെ ഉലമയും (എം എം യു) തള്ളി. ജുമുഅ പ്രഭാഷണങ്ങൾ മുൻകൂട്ടി പരിശോധിച്ച് നിയന്ത്രിക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെയും പള്ളികളിലെ പ്രഭാഷണ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് അധ്യക്ഷൻ സജാദ് ലോൺ ഉൾപ്പെടെയുള്ള നേതാക്കളും വിമർശിച്ചു.
പ്രഭാഷണ വിഷയങ്ങൾ നിശ്ചയിക്കാൻ വഖ്ഫ് ബോർഡിന് എന്ത് അധികാരമാണുള്ളതെന്ന് പി ഡി പി അധ്യക്ഷ മെഹ്ബൂബ മുഫ്തി ചോദിച്ചു. കശ്മീരിലെ പള്ളികളിലെ ഖുതുബ ഇനി ബി ജെ പി തയ്യാറാക്കിക്കൊടുക്കുമോയെന്ന് നാഷനൽ കോൺഫറൻസ് വക്താവ് ഇമ്രാൻ ദാർ ചോദിച്ചു. വിശ്വാസത്തെയും മതപ്രഭാഷണങ്ങളെയും രാഷ്ട്രീയമായി നിശ്ചയിക്കാൻ കഴിയില്ലെന്ന് ലാൽ ചൗക്ക് എം എൽ എ അഹ്സാൻ പർദേസി പ്രതികരിച്ചു. നിർദേശം ഉടൻ പിൻവ ലിക്കണമെന്ന് എൻ സി നേതാക്കളായ തൻവീർ സാദിഖ്, സൽമാൻ അലി സാഗർ, മുൻ ശ്രീനഗർ മേയർ ജുനൈദ് മട്ടു ആവശ്യപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
