പാരിസ്: പാക്കിസ്ഥാൻ പൈലറ്റുമാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും ഇസ്രയേലിലേക്കുള്ള വിമാനങ്ങളിൽ പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തി എയർ ഫ്രാൻസ്. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്നാണ് സൂചന. ഇസ്രയേലിലേക്കോ ഇസ്രയേലിൽനിന്ന് തിരിച്ചോ ഉള്ള എയർ ഫ്രാൻസ് വിമാനങ്ങളിൽ പാക്കിസ്ഥാൻ ജീവനക്കാരെ അനുവദിക്കില്ല.
നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാരെ വിമാനങ്ങളിൽ ജീവനക്കാരാക്കുന്നതിന് ഇസ്രയേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ അനുസരിച്ചാണ് വിലക്കെന്ന് എയർ ഫ്രാൻസ് വൃത്തങ്ങൾ പറഞ്ഞു. യുഎസ് എയർലൈനായ യുണൈറ്റഡ് എയർലൈൻസും ചെക്ക് എയർലൈനായ സ്മാർട് വിങ്സും സമാനമായ നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
ഇസ്രയേൽ നിയന്ത്രണം കടുപ്പിച്ചതോടെ ഇന്തൊനീഷ്യൻ പൈലറ്റ് നിയന്ത്രിച്ചിരുന്ന ഇത്യോപ്യൻ വിമാനത്തിന് ചൊവ്വാഴ്ച തിരികെപ്പോകേണ്ടി വന്നു. വിമാനം യാത്ര തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് ഇസ്രയേലിന്റെ ഉത്തരവ് എത്തിയതെന്ന് ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
തുടർന്ന് വിമാനം ആഡിസ് ആബബയിലേക്ക് തിരികെപ്പോകുകയും അവിടെവച്ച് പൈലറ്റിനെ മാറ്റിയ ശേഷം തിരികെ ടെൽ അവീവിലേക്ക് വരുകയുമായിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തൊനീഷ്യയും ഇസ്രയേലുമായും നയതന്ത്ര ബന്ധമില്ല.
പാകിസ്ഥാൻ, ഇറാൻ, ഒമാൻ, സൗദി അറേബ്യ, അൾജീരിയ, ടുണീഷ്യ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ലെബനൻ, നൈജർ എന്നിവയുൾപ്പെടെ 31 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ ഈ നിയന്ത്രണങ്ങൾ ബാധിക്കുമെന്നാണ് വിവരം.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
