‘സഊദിക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ മണ്ണ് വിട്ടുനൽകില്ല’; ഇറാഖ് പ്രധാനമന്ത്രി

News Desk
1 Min Read

റിയാദ്: സഊദിയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽ സൈദി. റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ സൗദി കിരീടാവകാശിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉൾപ്പെടെ ജനവാസ കേന്ദ്രങ്ങളിലും നിർണായക അടിസ്ഥാന സൗകര്യങ്ങളിലും ഉണ്ടായ ആക്രമണങ്ങൾ മേഖലയുടെ സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് ഇറാഖ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സൗദിയുടെയോ അയൽരാജ്യങ്ങളുടെയോ സുരക്ഷയെ തകർക്കുന്ന ഒരു ആക്രമണത്തിനും ഇറാഖിന്റെ മണ്ണ് വിട്ടുനൽകില്ലെന്ന് അദ്ദേഹം ശക്തമായി പ്രഖ്യാപിച്ചു. മറ്റ് രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്താനുള്ള താവളമായി തങ്ങളുടെ ഭൂപ്രദേശം മാറാൻ ഒരിക്കലും അനുവദിക്കില്ല. അയൽരാജ്യങ്ങളുമായുള്ള നല്ല ബന്ധവും പരമാധികാരത്തോടുള്ള ബഹുമാനവും ഉയർത്തിപ്പിടിക്കാൻ ഇറാഖ് പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള കൂട്ടായ നീക്കങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനും ധാരണയായിട്ടുണ്ട്. ഇറാഖുമായി എല്ലാ മേഖലകളിലും, പ്രത്യേകിച്ച് സുരക്ഷാ ഏകോപനത്തിൽ, കൂടുതൽ സഹകരണത്തോടെ പ്രവർത്തിക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!