വിവാഹമുറപ്പിച്ചു, ഇനി പ്രണയം തുടരാനാവില്ലെന്ന് യുവതി; കൊക്കയിൽ തള്ളിയിട്ട് കൊന്ന് യുവാവ്

News Desk
1 Min Read

മുംബൈ: പ്രണയബന്ധം തുടരാൻ താൽപര്യമില്ല എന്നുപറഞ്ഞ കാമുകിയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലെ കോലാപുർ ജില്ലയിലാണ് ഈ ദാരുണമായ കൊലപാതം നടന്നത്. തരന്നും ബഷീർ നായിക് (23) ആണ് കൊല്ലപ്പെട്ടത്. പ്രതി ശ്രീപദ് ദിനകർ വാഡു (25) പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിന് പിന്നാലെ ഇയാൾ ഭുദർഗഡ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി കുറ്റസമ്മതം നടത്തുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ നായിക്വാഡിക്ക് സമീപമാണ് സംഭവം നടന്നത്. ഗാർഗോട്ടിയിലെ അവധൂത് കോളനിയിലെ താമസക്കാരാണ് ഇരുവരും. എതിർ വീടുകളിൽ താമസിച്ചിരുന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. മഹാഗാവിലെ ഒരു കോളേജിൽ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു തരന്നം. വീട്ടുകാർ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതോടെയാണ് തരന്നം പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്.

ഈ വിവരം ശ്രീപദിനെ അറിയിച്ചതോടെ തർക്കം ഉടലെടുത്തു. പിന്നാലെ, വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ശ്രീപദ് സംസാരിക്കാനെന്ന് പറഞ്ഞ് തരന്നമിനെ നായിക്വാഡിയിലെ ആഴമേറിയ കൊക്കയ്ക്ക് സമീപമുള്ള പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സംസാരിക്കുന്നതിനിടെ, തന്റെ വിവാഹം നിശ്ചയിച്ചിട്ടുണ്ടെന്നും ഇനിയും ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും യുവതി വ്യക്തമാക്കി.

പ്രകോപിതനായ ശ്രീപദ് പെട്ടെന്ന് യുവതിയെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ യുവതി തൽക്ഷണം മരിച്ചു. സംഭവത്തിന് ശേഷം തരന്നമിനെ കാണാനില്ലെന്ന് വരുത്തിത്തീർത്ത് കുറ്റകൃത്യം മറച്ചുവെക്കാനാണ് ശ്രീപദ് ശ്രമിച്ചത്. എന്നാൽ പിന്നീട് ഇയാൾ ഭൂദർഗഡ് പോലീസ് സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തുകയും കീഴടങ്ങുകയുമായിരുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് അറിഞ്ഞ തരന്നമിന്റെ ബന്ധുക്കൾ ഗാർഗോട്ടിയിലെ ജില്ലാ ആശുപത്രിയിൽ എത്തി. ബന്ധുക്കൾ തടിച്ചുകൂടിയതോടെ ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ശ്രീപദിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിശദമായി ചോദ്യംചെയ്ത ഭൂദർഗഡ് പോലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!