റിയാദ്: സഊദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്‍ മുഹമ്മദ് യൂസഫ് അലി സൗദിയിലെത്തിയത് ഉംറയ്ക്ക് പോകാന്‍. തീര്‍ത്ഥാടനത്തിനായി പോയ 13 അംഗ സംഘത്തിലുണ്ടായിരുന്നയാളായിരുന്നു ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് യൂസഫ്. ബാഗുകള്‍ക്കായി വിമാനത്താവളത്തില്‍ കാത്തിരിക്കുമ്പോഴായിരുന്നു ആക്രമണം. വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്.
അദ്ദേഹത്തോടൊപ്പം കുടുംബത്തിലെ മറ്റു ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു മകന്‍ അമാന് കാല്‍മുട്ടിന് പരിക്കേല്‍ക്കുകയും മറ്റൊരു മകന്‍ വസേയ്ക്ക് കാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ ശസ്ത്രക്രിയ നടത്തിയതായാണ് റിപ്പോര്‍ട്ട്. മകള്‍ മറിയവും ഭാര്യ സമീറയും സുരക്ഷിതരാണെന്ന് ഇവരുടെ കുടുംബം അറിയിച്ചു.
യൂസഫ് അലിയുടെ ബന്ധുവായ ആത്തിയ സുല്‍ത്താനയ്ക്കും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണെങ്കിലും അപകടനില തരണം ചെയ്തതായാണ് വിവരം. ഹൈദരാബാദിലെ മെഹ്ദിപട്ടണത്താണ് കുടുംബം താമസിക്കുന്നത്. കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യന്‍ എംബസി നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.
പരിക്കേറ്റ ഇന്ത്യക്കാർ അപകടനില തരണം ചെയ്തു, ആറു പേർ ആശുപത്രി വിട്ടു
ഹൂത്തികളുടെ ആക്രമണത്തിൽ പരിക്കേറ്റ് റിയാദിലെ വിവിധ ആശുപത്രികളിൽ ഇന്ത്യക്കാർ അപകടനില തരണം ചെയ്തതായി ഇന്ത്യൻ എംബസി അറിയിച്ചു. ഒരു ഇന്ത്യക്കാരനാണ് അപകടത്തിൽ മരിച്ചത്. പതിനൊന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേർ ഐ.സി.യുവിലുണ്ട്. ഇവർ അപകട നില തരണം ചെയ്തതായി എംബസി അറിയിച്ചു. 2 പേർ ജനറൽ വാർഡുകളിൽ ചികിത്സയിലാണ്. മറ്റുള്ളവർ ആശുപത്രി വിട്ടതായും എംബസി വ്യക്തമാക്കി.
പരിക്കേറ്റ ഇന്ത്യൻ പൗരന്മാർക്ക് മികച്ച വൈദ്യസഹായം നൽകിയതിന് സൗദി അധികൃതർക്ക് നന്ദി അറിയിക്കുന്നതായും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും ഉറപ്പു നൽകുന്നതായും എംബസി വ്യക്തമാക്കി.
ഇന്ത്യൻ എംബസി ടോൾ ഫ്രീ
24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ റിയാദിലെ ഇന്ത്യൻ എംബസി ആരംഭിച്ചു. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ 8002471234 (സൗദി അറേബ്യയിൽ മാത്രം) ബന്ധപ്പെടാം. കൂടാതെ, റിയാദ് ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്:
+966-11-488469 +966-536216082 (വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾക്ക് മാത്രം).
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
