ആശുപത്രി ബിൽ അടയ്ക്കാനാകാതെ ‘കുടുങ്ങി’; ഒടുവിൽ വിധിയെ തോൽപ്പിച്ച് പ്രവാസി മലയാളി നാട്ടിലേക്ക്

News Desk
2 Min Read

ബുറൈദ: കടുത്ത പ്രമേഹം തളർത്തി, ഒടുവിൽ ആശുപത്രിയിലെ പരിശോധനയിൽ കരളിൽ അർബുദം. തുടർചികിത്സയ്ക്ക വഴിയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ കൊതിച്ച റഫീഖിന് തുണയായി സമൂഹികപ്രവർത്തകരുടെ ഇടപെടൽ. ബുറൈദയിൽ ഏറെ വർഷങ്ങളായി ജോലിചെയ്തു വരുകയായിരുന്നു കാസര്‍ഗോഡ് സ്വദേശിയായ 59 വയസ്സുകാരനായ ഉദിന്നൂർ മട്ടുമൽ റഫീഖ്.

പ്രായത്തിൻ്റെ പ്രാരബ്ധങ്ങൾക്കൊപ്പം പ്രമേഹം കടുത്തതിൻ്റെ ബാക്കിയായി കടുത്ത ക്ഷീണവും രോഗവും തളർത്തിയതോടെ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു നടന്ന ചികിത്സയിലും പരിശോധനയിലും ആരോഗ്യ നില കുറയൊക്കെ മെച്ചപ്പെട്ടുവെങ്കിലും ശാരീരിക അവശതയിൽത്തന്നെ തുടരുകയായിരുന്നു.

ഇതിനോടകം സാധാരണക്കാരനായ പ്രവാസിയായ റഫീഖിന് താങ്ങാനാവാത്ത വലിയൊരു തുക സ്വകാര്യ ആശുപത്രി ബിൽ ചികിത്സയ്ക്ക അടയ്ക്കാനും ബാക്കിയായിരുന്നു. ബിൽ തുക അടയ്ക്കാതായതോടെ ആശുപത്രി അധികൃതർ കേസ് കൊടുത്തതോടെ നിയമപരമായി യാത്രനിരോധനം ഉണ്ടായി.

രോഗം തളർത്തിയതോടെ ജോലിയും വരുമാനവുമില്ലാത്തതിനൊപ്പം ആശുപത്രി വാസത്തിനു ശേഷം കയറിക്കിടക്കാൻ ഒരിടവുമില്ലാത്ത വിധം താമസസ്ഥലവും നഷ്ടപ്പെട്ട സാഹചര്യവുമായി. പരിതാപകരമായ ഈ അവസ്ഥ അറിഞ്ഞ് ബുറൈദയിലെ കെഎംസിസി ശാര 40 ജനറൽ സെക്രട്ടറിയുമായ എം.സി. മുസ്തഫയും ഒപ്പം ശുഹൈബ്, സിദ്ദീഖ് എന്നിവര്‍ താൽക്കാലികമായി റൂം വാടകക്കെടുത്ത് താമസിപ്പിച്ച് അദ്ദേഹത്തെ പരിചരിച്ച് വരികയുമായിരുന്നു.

മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനാവശ്യമായ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷാ ഇല്ലാത്തതിനാൽ രോഗം വീണ്ടും മൂർഛിച്ചതോടെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിലെത്തിച്ചു അഡ്മിറ്റ് ചെയ്യുകയും അവിടെ നടന്ന പരിശോധയിൽ ലിവർ കാന്‍സര്‍ കണ്ടെത്തുകയുമായിരുന്നു. നാട്ടിലേക്ക് മടങ്ങാനാഗ്രഹിച്ചുവെങ്കിലും ബിൽ തുക അടയ്ക്കാത്തിൻ്റെ പേരിലുള്ള കേസിൽ യാത്രാ വിലക്ക് ഉള്ളതിനാൽ അതും സാധ്യമല്ലാതെ വന്നു.

തുടർന്ന് ബുറൈദ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂര്‍ ഇടപെട്ട് വാട്സാപ്പ് ഗ്രൂപ് രൂപീകരിക്കുകയും ജിദ്ദയിലുള്ള ബന്ധുകൂടിയ റഫീക്ക് ചാച എന്ന ആള്‍ കുടുംബത്തെയും നാട്ടുകാരെയും എല്ലാവരെയും ചേര്‍ത്ത് ഒടുക്കാനുളള ബില്‍ തുക ഗ്രൂപ് വഴി കണ്ടെത്തുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഫൈസല്‍ ആലത്തൂരിന്‍റെ നേതൃത്വത്തില്‍ നടത്തുകയും ചെയ്തു.

എന്നാല്‍ സെന്‍ട്രല്‍ ആശുപത്രിയിൽ പന്ത്രണ്ടായിരം റിയാലോളം വരുന്ന ആശുപത്രി ബില്ല് വീണ്ടും ബാധ്യതയായി വന്നതോടെ നാട്ടിലേക്ക് പോവുന്നതിന് തടസ്സമായി മാറി. ഫൈസല്‍ ആലത്തൂരിന്‍റെ ഹെല്‍ത്ത്ഡിപ്പാര്‍ട്ട്മെന്‍റുമായുള്ള നിരന്തര ഇടപെടല്‍ മൂലം അധികൃതരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതോടെ രോഗിയുടെ അവസ്ഥ മാനിച്ച് ആശുപത്രി ബിൽ തുക ഒഴിവാക്കുകയായിരുന്നു.

സെന്‍ട്രല്‍ ആശുപത്രിയിലെ നഴ്സുമാരായ ബിന്‍സി, ജീന എന്നിവരുടെ ഇടപെടലും വലിയ സഹായകരമാവുകയും ചെയ്തു. യാത്രാവിലക്കുൾപ്പെടയുള്ള നിയമപ്രശ്നങ്ങളൊക്കെ പരിഹരിച്ചതോടെ തുടർ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം റിയാദില്‍ നിന്നും കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ അജ്മല്‍ എന്ന സഹയാത്രക്കാരന്‍റെ കൂടെ നാട്ടിലേക്കയക്കുകയും ചെയ്തു.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!