മക്കയിലെ മസ്ജിദുല്‍ ഹറമില്‍വച്ച് പ്രമോഷന്‍ വീഡിയോ ചിത്രീകരിച്ചു; ഇന്ത്യന്‍ ഇന്‍ഫ്ലുവൻസറെ കസ്റ്റഡിയിലെടുത്തു

malayalampress
1 Min Read

മക്ക: മക്കയിലെ മസ്ജിദുല്‍ ഹറമില്‍വച്ച് പ്രമോഷണല്‍ വീഡിയോ ചിത്രീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഇന്‍ഫ്ലുവൻസര്‍ മാഅസ് വീവറെ സഊദി അധികൃതര്‍ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് വീവര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവച്ചത്.

കഅ്ബയ്ക്ക് മുന്നില്‍ വീഡിയോ ചിത്രീകരിച്ചുകൊണ്ടിരിക്കെ സഊദി പൊലീസ് ഉദ്യോഗസ്ഥര്‍ സമീപിക്കുകയും തുടര്‍ന്ന് തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്‌തെന്നാണ് വീവര്‍ പറഞ്ഞത്. വീഡിയോയില്‍ എന്താണ് പ്രമോട്ട് ചെയ്യുന്നതെന്നും എന്താണ് പറയുന്നതെന്നും എങ്ങനെയാണ് ചിത്രീകരിക്കുന്നതെന്നും അധികൃതര്‍ ചോദിച്ചറിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

ഒരു മണിക്കൂറിലേറെ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞതായും അവിടെ ഇശാ നമസ്‌കാരം നിര്‍വഹിച്ചതായും വീവര്‍ പറഞ്ഞു. തുടര്‍ന്ന് സംഭവം ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് രേഖയില്‍ ഒപ്പുവച്ച ശേഷമാണ് വിട്ടയച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

മസ്ജിദുല്‍ ഹറമില്‍ (ഗ്രാന്‍ഡ് മസ്ജിദ്) സന്ദര്‍ശകര്‍ക്ക് ഫോട്ടോകളും സെല്‍ഫികളും വ്യക്തിഗത വീഡിയോകളും ചിത്രീകരിക്കാന്‍ കഴിയുമെങ്കിലും വിശുദ്ധ സ്ഥലത്തെ പ്രമോഷണല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് വീവര്‍ പറഞ്ഞു.

സംഭവത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും മസ്ജിദിലെ നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്നും അദ്ദേഹം സന്ദര്‍ശകരോട് ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ സഊദി പൊലീസ് മാന്യമായാണ് പെരുമാറിയതെന്നും ശാരീരികമായി ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വിശുദ്ധ പള്ളികളിലും കര്‍ശന നിയന്ത്രണം

മക്കയിലെ ഗ്രാന്‍ഡ് മസ്ജിദിലും മദീനയിലെ മസ്ജിദുന്നബവിയിലും പെരുമാറ്റം സംബന്ധിച്ച് സഊദി അറേബ്യ കര്‍ശന നിയമങ്ങളാണ് നടപ്പാക്കുന്നത്. ആരാധനയ്ക്ക് തടസ്സമാകുന്നതോ സുരക്ഷയെ ബാധിക്കുന്നതോ ആയ രാഷ്ട്രീയ, വിഭാഗീയ മുദ്രാവാക്യങ്ങള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ട്.

വിശുദ്ധ പള്ളികളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ഉപയോഗിക്കരുതെന്ന് സഊദി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പും വിശുദ്ധ കേന്ദ്രങ്ങളിലെ നിയമലംഘനങ്ങളുടെ പേരില്‍ വിവിധ വ്യക്തികള്‍ക്കെതിരെ നടപടിയെടുത്തിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!