സഊദിയിൽ പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിന് നടപടികൾ എളുപ്പമാക്കി; ഇനി നേരിട്ട് കൂടെ കൊണ്ട് വരാം, പുതിയ സൗകര്യങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

malayalampress
1 Min Read
  • പുതിയ വിസകളിൽ വരുന്നവർക്കാണ് ഈ സൗകര്യം

റിയാദ്: സഊദിയിൽ പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിന് പുതിയ സൗകര്യങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് താമസിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. കുടുംബനാഥന്മാർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് എളുപ്പമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. വിദേശകാര്യ മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഈ നടപടികൾ സ്വീകരിച്ചത്.

പുതിയ വിസകളിൽ വരുന്നവർക്കാണ് ഈ സൗകര്യം. നിശ്ചിത യോഗ്യതയുള്ള കുടുംബനാഥന്റെ തൊഴിൽ വിസ നടപടികൾ പൂർത്തിയാക്കുന്നതിനൊപ്പം തന്നെ, അപേക്ഷാ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് കുടുംബാംഗങ്ങൾക്ക് രാജ്യത്തേക്കുള്ള പ്രവേശന വിസ (എൻട്രി വിസ) നേടാൻ സാധിക്കുമെന്ന് നടപടിക്രമങ്ങൾ വ്യക്തമാക്കുന്നു. കുടുംബനാഥനായ ഭർത്താവ് അല്ലെങ്കിൽ ഭാര്യ, 25 വയസ്സിൽ താഴെയുള്ള കുട്ടികൾ, അവിവാഹിതരായ പെൺമക്കൾ എന്നിവരാണ് ഈ ആനുകൂല്യത്തിന് അർഹരായ കുടുംബാംഗങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ, ഉയർന്ന തസ്തികകളിൽ എത്തുന്നവർക്ക് പോലും ആദ്യമായി രാജ്യത്തേക്ക് വരുമ്പോൾ കുടുംബത്തെ ഒപ്പം കൂട്ടാൻ സാധിച്ചിരുന്നില്ല. സഊദിയിലെത്തി ശേഷം ഇഖാമയും ലഭിച്ച ശേഷം മാത്രമായിരുന്നു ഫാമിലി വിസ അപേക്ഷ ഉൾപ്പെടെ നടപടികൾ സാധിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ ഇളവ് പ്രകാരം, കുടുംബനാഥന്റെ വിസാ നടപടികൾ നടക്കുമ്പോൾ തന്നെ യോഗ്യരായ കുടുംബാംഗങ്ങൾക്കും എൻട്രി വിസ നേടാനും ഒപ്പം സഊദിയിലേക്ക് വിമാനമിറങ്ങാനും സാധിക്കും.

എൻട്രി വിസയിലൂടെ സഊദിയിൽ പ്രവേശിച്ചാൽ രാജ്യത്ത് പ്രവേശിച്ചതിന് ശേഷം, നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ച് കുടുംബാംഗങ്ങളുടെ താമസാനുമതി (റെസിഡൻസി) നടപടികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article