ഹോസ്റ്റലിൽ പ്രേതമുണ്ടെന്ന് പ്രചരിപ്പിച്ചു; പിന്നാലെ സർവകലാശാലയിൽ സംഘർഷം, പൂർവ്വ വിദ്യാർത്ഥികൾ പിടിയിൽ

News Desk
1 Min Read

പട്യാല: ചിത്കാര സര്‍വകലാശാലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പ്രേരിപ്പിച്ചുവെന്നാരോപിച്ച് രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. നംഗലില്‍ നിന്നുള്ള ഹിമാന്‍ഷു, അംബാലയില്‍ നിന്നുള്ള ആര്യന്‍ എന്നിവരാണ് പിടിയിലായത്.

പ്രാദേശിക കോടതി ഇവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബാനൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ 19 നും 22 നും ഇടയില്‍ പ്രായമുള്ള മറ്റ് പത്ത് പ്രതികളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കായി പഞ്ചാബിലും ഹരിയാനയിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

പഞ്ചാബിലെ പട്യാലയിലുള്ള ചിത്കാര സര്‍വകലാശാല കാമ്പസില്‍ പ്രേതശല്യമുണ്ടെന്ന വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഈ സംഭവം വലിയ സംഘര്‍ഷത്തിലേക്കാണ് വഴിവെച്ചത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മുന്‍പ് ഒരു പെണ്‍കുട്ടി ജീവനൊടുക്കിയിട്ടുണ്ടെന്നും കുട്ടിയുടെ ആത്മാവ് ഹോസ്റ്റലിലുള്ള മറ്റുള്ളവരെ ശല്യം ചെയ്യുന്നുവെന്നും കാണിച്ച് വ്യാജ വീഡിയോകളും സന്ദേശങ്ങളും പ്രതികള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രേതശല്യത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് കാമ്പസില്‍ പ്രതിഷേധിക്കുകയും ഇത് അക്രമത്തിലേക്കെത്തുകയും ചെയ്തിരുന്നു. പ്രചരിക്കുന്നത് വസ്തുതയല്ലെന്നും വിശ്വസിക്കരുതെന്നും അധികൃതര്‍ അറിയിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ വിശ്വസിച്ചിരുന്നില്ല. പിന്നാലെ നടത്തിയ അന്വേഷമത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

വിദ്യാര്‍ത്ഥികളുടെ പ്രായവും അക്കാദമിക് കരിയറും കണക്കിലെടുത്ത് പൊലീസ് ആദ്യം കേസ് മയപ്പെടുത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം, പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരം പിന്നീട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സിലിംഗ് സെഷനുകള്‍ ആരംഭിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!