ഫോബ്സിന്റെ 2026ലെ 100 ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവും ഒന്നാംസ്ഥാനത്ത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളിയാണ് അദാനിയും കുടുംബവും ഒന്നാമതെത്തിയത്. ആസ്തി 112.7 ബില്യൻ ഡോളർ (10.78 ലക്ഷം കോടി രൂപ). മുകേഷ് അംബാനിക്ക് 86.3 ബില്യൻ (8.31 ലക്ഷം കോടി രൂപ).
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (Image Credit: Reliance Industries), അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (Image Credit: Adani Group))
ജെഎസ്ഡബ്ല്യു സ്റ്റീൽ, ജെഎസ്ഡബ്ല്യു സിമന്റ്, ജെഎസ്ഡബ്ല്യു പെയിന്റ് എന്നിവയുടെ മാതൃസ്ഥാപനമായ ഒ.പി.ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവി സാവിത്രി ജിൻഡാലും കുടുംബവുമാണ് മൂന്നാമത്; ആസ്തി 39.8 ബില്യൻ (3.83 ലക്ഷം കോടി രൂപ). ആഴ്സലർ മിത്തൽ മേധാവി ലക്ഷ്മി മിത്തൽ നാലാമതും (34.7 ബില്യൻ) ടെലികോം കമ്പനി ഭാരതി എയർടെലിന്റെ മേധാവി സുനിൽ മിത്തലും കുടുംബവും (32.9 ബില്യൻ) അഞ്ചാമതുമാണ്.
മലയാളികളിൽ മുത്തൂറ്റ് കുടുംബവും യൂസഫലിയും
ഫോബ്സിന്റെ പട്ടികയിൽ മലയാളികളിൽ ഏറ്റവും മുന്നിൽ 24-ാം സ്ഥാനത്തുള്ള മുത്തൂറ്റ് ഫിനാൻസ് കുടുംബമാണ്; ആസ്തി 9.2 ബില്യൻ (88,614 കോടി രൂപ). ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ് വ്യക്തികളിൽ ഒന്നാംസ്ഥാനത്ത്. പട്ടികയിൽ 47-ാം സ്ഥാനമുള്ള യൂസഫലിയുടെ ആസ്തി 5.75 ബില്യൻ (55,400 കോടി രൂപ).
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആണ് മൂന്നാംസ്ഥാനത്ത്. 5.4 ബില്യൻ ഡോളറാണ് 52-ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസിന്റെ ആസ്തി (52,000 കോടി രൂപ). ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (4.1 ബില്യൻ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (4 ബില്യൻ), ശോഭാ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി.മേനോൻ (3.8 ബില്യൻ), കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ (3.55 ബില്യൻ) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികൾ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
