തൊഴിലുടമ ‘ഹുറൂബ്’ രേഖപ്പെടുത്തിയ ജീവനക്കാർക്ക് കഫാല മാറാം; പുതിയ പ്രഖ്യാപനവുമായി ‘ഖിവ’

malayalampress
2 Min Read

റിയാദ്: തൊഴിലുടമ ഹുറൂബ് (അബ്സന്റ് ഫ്രം വർക്ക് / Work Interruption Report) രേഖപ്പെടുത്തുകയോ അല്ലെങ്കിൽ തൊഴിൽ കരാർ അവസാനിപ്പിക്കുകയോ ചെയ്ത തൊഴിലാളികൾക്ക് പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറാൻ (Job Transfer) അനുമതിയുണ്ടെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ‘ഖിവ’ (Qiwa) പ്ലാറ്റ്‌ഫോം വ്യക്തമാക്കി. സഊദിയിൽ ജോലിക്ക് ഹാജരാകാത്തതായി (ആബ്സന്റ്) രേഖപ്പെടുത്തിയ ജീനക്കാർക്ക് 12 മാസത്തിന് ശേഷം ജോലി മാറാമെന്ന് സഊദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ‘ഖിവ’ പ്ലാറ്റ്‌ഫോം അറിയിച്ചു.

ജോലിക്ക് ഹാജരാകാതിരിക്കൽ, ജോലി തടസ്സപ്പെടുത്തൽ, അല്ലെങ്കിൽ തൊഴിൽ കരാർ റദ്ദാക്കൽ എന്നിവ കാരണം ‘അബ്‌സെന്റ്’ (absent – ഹാജരില്ലാത്തവർ) എന്ന നിലയിലേക്ക് സ്റ്റാറ്റസ് മാറിയ ഒരു ജീവനക്കാരന്, സഊദി അറേബ്യയിൽ 12 മാസത്തിലധികം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ ‘ഖിവ’ വഴി മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാൻ സാധിക്കുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയത്.

എന്നാൽ, പുതിയ തൊഴിലുടമ ജീവനക്കാരന്റെ നിലവിലുള്ള വർക്ക് പെർമിറ്റ് ഫീസുകൾ കുടിശ്ശികയുണ്ടെങ്കിൽ അടച്ചുതീർക്കേണ്ടതുണ്ട്. സർക്കാർ ജീവനക്കാർ ‘മസാര്‍’ (Masar) പ്ലാറ്റ്‌ഫോം വഴി ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കി സർക്കാർ സ്ഥാപനവുമായുള്ള രജിസ്‌ട്രേഷൻ അവസാനിപ്പിക്കുന്നത് വരെ, ‘ഖിവ’ പ്ലാറ്റ്‌ഫോം വഴി അവർക്കായി പുതിയ കരാറുകൾ തയ്യാറാക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.

‘അബ്‌ഷർ’ (Absher) അല്ലെങ്കിൽ ‘മുഖീം’ (Muqeem) സംവിധാനങ്ങളിൽ ഒരു ജീവനക്കാരന്റെ സ്റ്റാറ്റസ് “പോയിട്ട് തിരിച്ചെത്തിയില്ല” (left and did not return) അല്ലെങ്കിൽ “ഫൈനൽ എക്സിറ്റ്” (final exit) എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അവരെ നിലവിലെ സ്ഥാപനത്തിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, കരാർ ബന്ധത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ‘ഖിവ’ വ്യക്തമാക്കി. ഇത്തരം തർക്കങ്ങൾ പരിഹരിക്കുന്നതിന് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ സൗഹൃദപരമായ ഒത്തുതീർപ്പ് സേവനം (amicable settlement service) പ്രയോജനപ്പെടുത്തുകയോ അല്ലെങ്കിൽ വിഷയം ലേബർ കോടതിയുടെ പരിഗണനയ്ക്ക് വിടുകയോ ചെയ്യാവുന്നതാണ്. ‘നഫാത്ത്’ (Nafath) വഴിയാണ് ‘ഖിവ’യിലേക്ക് പ്രവേശനം സാധ്യമാകുന്നതെന്നും, അതേസമയം ഗ്രൂപ്പ് മാനേജർക്ക് ‘യൂസർ മാനേജ്‌മെന്റ്’ (User Management) സേവനം വഴി മറ്റ് ഉപയോക്താക്കൾക്ക് അനുമതികൾ നൽകി സ്ഥാപനത്തിന്റെ സേവനങ്ങൾ ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കാമെന്നും അധികൃതർ അറിയിച്ചു.

‘ഖിവ’ ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആണെന്നും, ഇതിലൂടെ പേപ്പർ രേഖകൾ സ്വീകരിക്കുകയോ സാധൂകരിക്കുകയോ ചെയ്യുന്നില്ലെന്നും ഖിവ ഊന്നിപ്പറഞ്ഞു. കൂടാതെ, വർക്ക് പെർമിറ്റ് (തൊഴിൽ അനുമതി) ലഭിക്കുന്നതിന്, സ്ഥാപനം തുടർച്ചയായി എട്ട് ആഴ്ചകളിലധികം ‘റെഡ് സോണിൽ’ (red zone) തുടരാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, പുതുതായി ആരംഭിച്ച കമ്പനികൾക്ക് ഇതിൽ ഇളവുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!