തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ബലപരീക്ഷണത്തിൽ യു ഡി എഫിന് ക്ഷീണം. സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് തിരിച്ചടിയേറ്റു. 22 സിറ്റിംഗ് സീറ്റുമായി പോരാട്ടത്തിനിറങ്ങിയ യു ഡി എഫിന് 3 സീറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 19 സീറ്റുകളിലാണ് വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നത്.
15 സീറ്റിൽ നിന്ന് എൽ ഡി എഫ് 18 ലേക്ക് ഉയർന്നപ്പോൾ ഒരു സീറ്റ് ട്വന്റി 20 ക്കാണ് ലഭിച്ചത്. യു ഡി എഫ് ജയിച്ച ഭൂരിഭാഗം സ്ഥലങ്ങളിലും ഭൂരിപക്ഷത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതിനൊപ്പം പ്രധാനപ്പെട്ട ചില സിറ്റിംഗ് സീറ്റുകൾ നഷ്ടമാവുകയും ചെയ്തു. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ ഏറ്റ പ്രഹരമാണ്.
രമ്യ ഹരിദാസ് എം എൽ എയടക്കം വിവാദത്തിലായ തമ്മിലടിയും കയ്യാങ്കളിയും കാരണം രണ്ട് പ്രധാന സീറ്റുകളാണ് യു ഡി എഫിന് നഷ്ടമായത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മംഗലപുരം മുണ്ടയ്ക്കൽ വാർഡ് 139 വോട്ടിനും അഞ്ചുതെങ്ങ് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് വാർഡും എൽ ഡി എഫ് പിടിച്ചെടുത്തു. ഇതോടെ മംഗലപുരം പഞ്ചായത്തിൽ എൽ ഡി എഫിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമായി.
സുമേഷ് അച്യുതന് ഷോക്ക്
പാലക്കാട് ജില്ലയിലാണ് യു ഡി എഫിന് മറ്റൊരു കനത്ത പ്രഹരമേറ്റത്. എൽ ഡി എഫ് രണ്ട് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യു ഡി എഫിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്. സുമേഷ് അച്യുതൻ എം എൽ എ ഒഴിഞ്ഞ ചിറ്റൂർ പരുത്തിക്കാവ് വാർഡ് എൽ ഡി എഫ് സ്വന്തമാക്കി. ഇരുകൂട്ടരും ഒപ്പത്തിനൊപ്പം എത്തിയതോടെ നറുക്കെടുപ്പാണ് എൽ ഡി എഫിന് തുണയായത്. ചിറ്റൂരിലെ തിരിച്ചടി അപ്രതീക്ഷിതമാണെന്നും കാരണം പരിശോധിക്കുമെന്നും സുമേഷ് അച്യുതൻ പ്രതികരിച്ചു. ആലത്തൂരിലും എൽ ഡി എഫ് വിജയിച്ചപ്പോൾ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ രാഗം കോർണർ വാർഡ് 48 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി പി ഗിരീശൻ പിടിച്ചെടുത്തു.
തഹലിയ, ഉഷ വിജയൻ ജയിച്ച സീറ്റുകളിൽ ഭൂരിപക്ഷം ഇടിഞ്ഞു
അതേസമയം, ഫാത്തിമ തഹ്ലിയ, ഉഷ വിജയൻ എന്നിവർ എം എൽ എ ആയതോടെ ഒഴിഞ്ഞ സീറ്റുകൾ യു ഡി എഫ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷത്തിൽ കുത്തനെ ഇടിവുണ്ടായി. വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ യു ഡി എഫ് നിലനിർത്തിയെങ്കിലും ഉഷ വിജയൻ എം എൽ എ കഴിഞ്ഞ തവണ നേടിയ 1055 വോട്ടിന്റെ ലീഡ് ഇത്തവണ 331 ആയി കുത്തനെ ഇടിഞ്ഞു. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ ലീഗിലെ ഫർസീന അറക്കൽ 436 വോട്ടിന് ജയിച്ചെങ്കിലും മുൻപ് ഫാത്തിമ തഹ്ലിയ നേടിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ നാലിലൊന്നായി ചുരുങ്ങി. അതേസമയം കോഴിക്കോട് മുട്ടം പഞ്ചായത്ത് ഒമ്പതാം വാർഡ് എൽ ഡി എഫിൽ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു.
തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യു ഡി എഫ് മികച്ച മുന്നേറ്റം
അതേസമയം തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യു ഡി എഫ് മികച്ച മുന്നേറ്റം കാഴ്ചവെച്ചു. തൃശൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ മൂന്ന് സീറ്റിലും യു ഡി എഫ് വിജയിച്ചു. ചേലക്കര കുറുമല വാർഡ് എൽ ഡി എഫിൽ നിന്ന് 73 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു ഡി എഫ് പിടിച്ചെടുത്തതോടെ പഞ്ചായത്തിൽ യു ഡി എഫിന് ഭൂരിപക്ഷമായി (13 സീറ്റ്). ചാലക്കുടി നഗരസഭ 24 -ാം വാർഡും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി ഡിവിഷനും യു ഡി എഫ് നിലനിർത്തി. പത്തനംതിട്ടയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും യു ഡി എഫ് വിജയിച്ചു. കുറ്റൂർ ഓതറ, കുന്നന്താനം വള്ളോകുന്നു, റാന്നി ബ്ലോക്ക്പടി, അരുവാപ്പുലം കല്ലേലി വാർഡുകളിലാണ് യു ഡി എഫ് ജയിച്ചത്. ഇതിൽ കുന്നന്താനം വാർഡ് 2 വോട്ടിന് എൽ ഡി എഫിൽ നിന്ന് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണം യു ഡി എഫിന് ലഭിച്ചു.
എറണാകുളത്ത് നാലിടത്തും സിറ്റിംഗ് സീറ്റുകൾ അതത് മുന്നണികൾ നിലനിർത്തി
എറണാകുളത്ത് നാലിടത്തും സിറ്റിംഗ് സീറ്റുകൾ അതത് മുന്നണികൾ നിലനിർത്തി. കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് ഡിവിഷനും വടക്കേക്കര പഞ്ചായത്തിലെ ഒൻപതാം വാർഡും യു ഡി എഫ് നിലനിർത്തിയപ്പോൾ പാറക്കടവ് പുളിയനത്ത് എൽ ഡി എഫ് ജയിച്ചു. പൂതൃക്കയിൽ ട്വന്റി 20 വിജയിച്ചതോടെ പഞ്ചായത്തിൽ കോൺഗ്രസ്-ട്വന്റി 20 കക്ഷിനില തുല്യമായി (7 വീതം). മലപ്പുറം ജില്ലയിൽ വേങ്ങര, താനാളൂർ വാർഡുകൾ യു ഡി എഫും മങ്കട, കാലടി വാർഡുകൾ എൽ ഡി എഫും നിലനിർത്തി. എന്നാൽ കാലടി 12-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബി ജെ പി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തത് ശ്രദ്ധേയമായി. വടക്കൻ പറവൂർ വടക്കേക്കര പഞ്ചായത്തിലെ ഒൻപതാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി ജോസ് കുനിയന്തോടത്ത് 140 വോട്ടിന് വിജയിച്ച് സിറ്റിംഗ് സീറ്റ് നിലനിർത്തി. എന്നാൽ കോട്ടയം പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാർഡിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് സി പി എമ്മിലെ സണ്ണി വർഗീസ് 66 വോട്ടിന് പിടിച്ചെടുത്തു. കണ്ണൂർ പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡും യു ഡി എഫിൽ നിന്ന് എൽ ഡി എഫ് പിടിച്ചെടുത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
