എറണാകുളം: കൊച്ചിയില്‍ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലന്‍സിന്റെ മിന്നൽ പരിശോധന. റെയ്ഡില്‍ 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും പിടിച്ചെടുത്തു. വീട്ടിലെ മുറിയില്‍ നിന്നും പണം മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.
10 വര്‍ഷത്തിനിടെ ജോയിന്റ് കമ്മീഷണര്‍ 63 ശതമാനം അധികവരുമാനം നേടിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കഴിഞ്ഞ 10 വർഷത്തിനിടെ 2.75 കോടിയുടെ അനധികൃത സമ്പാദ്യം നേടിയതായും കണ്ടെത്തിയിട്ടുണ്ട്.
എറണാകുളം ജില്ലാ ജിഎസ്ടി ടാക്സ് പെയര്‍ സര്‍വീസ് ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജന്റെ പച്ചാളത്തെ വീട്ടിലും തേവരയിലുള്ള ഓഫീസിലുമാണ് പരിശോധന നടന്നത്. മൂവാറ്റുപുഴ കോടതിയില്‍ രണ്ട് ദിവസം മുമ്പ് സമര്‍പ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
വിദേശയാത്രയ്ക്കായി മാറ്റിവെച്ചതാണ് യുഎസ് ഡോളറെന്നും സ്വന്തം ലോഡ്ജില്‍ നിന്നുള്ള മാസവരുമാനമാണ് 14 ലക്ഷം രൂപയെന്നുമാണ് ഉദ്യോഗസ്ഥ നല്കിയ വിശദീകരണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
