12 മണിക്കൂർ പരോൾ; പോലീസ് കാവലിൽ കൊടുംകുറ്റവാളിക്ക് കല്യാണം

News Desk
1 Min Read

ന്യൂഡൽഹി: പന്ത്രണ്ടു മണിക്കൂർ നേരത്തെ പരോളിൽ കൊടുംകുറ്റവാളിക്ക് കനത്ത പൊലീസ് കാവലിൽ മാംഗല്യം. മൂന്ന് കൊലപാതകക്കേസുകളിലായി ശിക്ഷിക്കപ്പെട്ട് ഹരിയാനയിലെ ഹിസാർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന മെയ്ൻപാൽ ധില്ലയാണ് (45) വ്യാഴാഴ്ച തന്റെ കംബോഡിയൻ പങ്കാളി മെറ്റ ചാനെ വിവാഹം കഴിച്ചത്.

ഇരുവരുടെയും മൂന്ന് മക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ. ജജ്ജർ – ഗുരുഗ്രാം റോഡിലെ ഫാം ഹൗസിലായിരുന്നു വിവാഹം. വിവാഹം കഴിക്കാനായാണ് പഞ്ചാബ്–ഹരിയാന ഹൈക്കോടതിയാണ് ധില്ലയ്ക്ക് 12 മണിക്കൂർ പരോൾ അനുവദിച്ചത്. വലിയ പൊലീസ് കാവലിലായിരുന്നു വിവാഹം. കൈവിലങ്ങണിഞ്ഞാണ് ധില്ല വിവാഹച്ചടങ്ങിൽ പങ്കെടുത്തതെന്ന് ദ് പ്രിന്റ് റിപ്പോർട്ട് ചെയ്തു. വിലങ്ങ് മറയ്ക്കാനായി വെളുത്ത നിറത്തിലുള്ള തുണി ധില്ല കൈയിൽ ചുറ്റിയിരുന്നു.‌

കൊലപാതകം ഉൾപ്പെടെ 22 കേസുകളിൽ പ്രതിയായിരുന്ന ധില്ല 2018ലാണു പരോളിലിറങ്ങി മുങ്ങിയത്. പിന്നീടു വ്യാജ രേഖകൾ ഉണ്ടാക്കി കംബോഡിയയിലേക്കു കടന്നു. അവിടെ വച്ചാണു മെറ്റ ചാൻ എന്ന കംബോഡിയൻ യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് അവിടെ ലിവിങ് ടുഗ്ദർ ജീവിതം നയിച്ച ഇവർക്ക് മൂന്ന് കുഞ്ഞുങ്ങളും ജനിച്ചു.

2007, 2010 വർഷങ്ങളിൽ റജിസ്റ്റർ ചെയ്യപ്പെട്ട് മൂന്ന് കൊലപാതകക്കേസുകളിൽ ധില്ലയ്ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. 2018ൽ ആറാഴ്ചത്തെ പരോൾ ലഭിച്ചപ്പോഴാണ് ഇയാൾ കംബോഡിയയിലേക്ക് കടന്നത്. ഇവിടെ സിയം റീപ് എന്ന സ്ഥലത്തു നൈറ്റ് ക്ലബ് നടത്തുകയായിരുന്നു ധില്ല.

കംബോഡിയയിൽ പൗരത്വം നേടാൻ ശ്രമിക്കുന്നതിനിടെയാണു സിബിഐ ഇടപെടലിനെത്തുടർന്നു 2025ൽ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. 2019ൽ ധില്ലയെക്കുറിച്ചുള്ള വിവരം നൽകുന്നവർക്കു ഹരിയാന പൊലീസ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസുമിറക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!