റിയാദ്: സഊദി അറേബ്യയുടെ 96ാമത് ദേശീയദിനത്തോടനുബന്ധിച്ച് റിയാദിലെ മലയാളി പ്രവാസികള്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) സഊദി നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സഊദി പൗരന്മാരും പ്രവാസി സമൂഹവും തമ്മിലുള്ള സൗഹൃദവും സഹകരണവും ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു പരിപാടി.
‘ജീവിതമാര്‍ഗം നല്‍കുന്ന രാജ്യത്തോടുള്ള പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. ജിഎംഎഫ് ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് സൗദി ദേശീയപതാക ഉയര്‍ത്തി. സഊദിയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസി സമൂഹത്തിന് സഊദി പൗരന്മാര്‍ നല്‍കുന്ന പിന്തുണയും സഹകരണവും പരിപാടിയില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.
ജിഎംഎഫ് ചീഫ് പാട്രണ്‍ ഡോ. ജയചന്ദ്രന്‍ സൗദി പൗരന്മാര്‍ പ്രവാസികള്‍ക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ച് സംസാരിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മാടത്തില്‍, ജിഎംഎഫ് ജിസിസി വനിതാ കോഓര്‍ഡിനേറ്റര്‍ കമര്‍ ബാനു വലിയകത്ത് എന്നിവര്‍ സൗദി പൗരന്മാരും പ്രവാസി സമൂഹവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ സഊദി അറേബ്യ കൈവരിച്ച വികസനവും മാറ്റങ്ങളും ജിഎംഎഫ് മീഡിയ കോഓര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ വിശദീകരിച്ചു. സൗദിയില്‍ കഴിയുന്ന പ്രവാസികള്‍ രാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന് സംഭാവന നല്‍കുകയും വേണമെന്ന് മോട്ടിവേഷണല്‍ സ്പീക്കര്‍ സലീം മാലിയേക്കല്‍ പറഞ്ഞു.
കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ദേശീയദിനാഘോഷം നടത്തി. തുടര്‍ന്ന് മലസിലൂടെയും കിങ് അബ്ദുല്ല പാര്‍ക്കിന് സമീപത്തൂടെയും സൈക്കിള്‍ റാലി നടത്തി. ജിഎംഎഫ് ഭാരവാഹികളും അംഗങ്ങളും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി റിയാദിലെ ശോലമോള്‍ വഫ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക, വിനോദ പരിപാടിയും ജിഎംഎഫ് സംഘടിപ്പിക്കും. സൗദി കലാകാരന്മാരുടെ ഗാനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ലൈറ്റിങ് ഷോ, ഷിഹാബ് ഷായുടെ ഡിജെ പ്രകടനം എന്നിവ പരിപാടിയുടെ ഭാഗമാകും
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
