തലകീഴായി നിലത്തടിച്ചു; തലയോട്ടി തകർന്ന് ഉള്ളിൽക്കയറി: കൊലക്കേസിൽ സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

News Desk
2 Min Read

കോട്ടയം: എരുമേലി എസ്റ്റേറ്റ് സ്വദേശി വൈക്കുന്നേൽ വീട്ടിൽ ഷിബുഖാനെ (48) കൊലപ്പെടുത്തിയ കേസിൽ സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. മണിമല അഞ്ചാം വാർഡ് പഞ്ചായത്തംഗം ജോജി ജോൺ (ജോപ്പൻ -43), നിഖിൽ അയ്യപ്പൻ (25), ഷൈബിൻ സാം (26), അമൽ രാജ് (19), ജോബിൻ രാജൻ (28), കിരൺ (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 16നു രാവിലെ 11 ന് പ്രദേശവാസികളാണ് ഷിബുഖാനെ കറിക്കാട്ടൂർ അമ്പാട്ടുനഗറിനു സമീപത്തെ റബർത്തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ജോജി ജോണിന്റെ പിതാവും ഷിബുഖാനും സുഹൃത്ത് കുഞ്ഞുമോനും ചേർന്ന് ജോജിയുടെ വീടിനു സമീപത്തെ വീട്ടിലിരുന്ന് 15നു വൈകിട്ട് മദ്യപിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലെത്തിയ ജോജിയോട്, ഷിബുഖാനും കുഞ്ഞുമോനും തന്നെ ആക്രമിച്ചെന്ന് അമ്മ പറഞ്ഞു. ഇതിൽ പ്രകോപിതനായ ജോജി സുഹൃത്തുക്കളായ മറ്റു പ്രതികളെയും കൂട്ടി ഇരുവരെയും ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിനിടെ തലയ്ക്കു ഗുരുതര പരുക്കേറ്റ ഷിബുഖാൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇതിനിടെ ഒളിവിൽ പോയ കുഞ്ഞുമോനെ മണിമല പൊലീസ് പിന്നീട് വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു. നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾ റിമാൻഡിലാണ്. 

കൊല്ലപ്പെട്ട ഷിബുഖാനെ പ്രതികൾ മർദിച്ചത് അതിക്രൂരമായി. ജോജി ജോണും മറ്റു പ്രതികളും ചേർന്ന് തലകീഴായി നിലത്തടിച്ചതാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ തലയോട്ടി തകർന്ന് അസ്ഥി ഉള്ളിലേക്ക് തള്ളിക്കയറി. ദേഹമാസകലം പരുക്കേറ്റ പാടുകളുമുണ്ട്. ഈ മർദനം കണ്ടു പേടിച്ചാണ് ഒപ്പമുണ്ടായിരുന്ന കുഞ്ഞുമോൻ ഓടിയത്. റബർത്തോട്ടത്തിനുള്ളിൽ ഒളിച്ചിരുന്ന ഇയാൾ 2 ദിവസം കഴിഞ്ഞ് രാത്രിയിലാണ് വീട്ടിലെത്തിയത്. പിന്നാലെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

അടുത്തടുത്തായി ധാരാളം വീടുകളുള്ള പ്രദേശമാണ് കറിക്കാട്ടൂർ അമ്പാട്ടുനഗർ. പ്രതികളെല്ലാവരും തൊട്ടടുത്ത വീടുകളിൽ താമസിക്കുന്നവരും ദീർഘകാലമായി സുഹൃത്തുക്കളുമാണ്. ജോജിയുടെ അമ്മയെ ആക്രമിച്ചെന്ന് ജോജി പറഞ്ഞതോടെ എല്ലാവരും വേഗത്തിൽ ഒത്തുചേരുകയായിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല മർദനമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

സംഭവം നടക്കുമ്പോൾ കുഞ്ഞുമോന്റെ ഭാര്യാമാതാവും മൂത്തമകനും സ്ഥലത്തുണ്ടായിരുന്നു. തടസ്സം പിടിക്കാൻ ശ്രമിച്ചെങ്കിലും അക്രമിസംഘത്തിന്റെ മുന്നിൽ ഒന്നും ചെയ്യാനായില്ലെന്ന് കുഞ്ഞുമോന്റെ ഭാര്യാമാതാവ് ചിന്നമ്മ പറഞ്ഞു. ബുധനാഴ്ച രാവിലെയും കുഞ്ഞുമോൻ വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് ചിന്നമ്മ തൊട്ടടുത്ത പുരയിടത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷിബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!