കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ചിഹ്ന വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ (TMC) പേരും ‘പൂവും പുല്ലും’ (Flowers & Grass) എന്ന തിരഞ്ഞെടുപ്പ് ചിഹ്നവും ഉപയോഗിക്കുന്നതില്‍ നിന്ന് ആ പാര്‍ട്ടിയുടെ ഇരുവിഭാഗങ്ങളെയും വിലക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായി.
ഇടക്കാല ഉത്തരവിലൂടെയാണ് ‘ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്’ എന്ന പേരും പാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ള ചിഹ്നവും കമ്മീഷന് മരവിപ്പിച്ചത്. ഇതോടെ, മമത നയിക്കുന്ന വിഭാഗത്തിനോ റിതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിനോ, തുടര്‍ ഉത്തരവുകള്‍ ഉണ്ടാകുന്നത് വരെ ടി എം സി എന്ന പേരോ പാര്‍ട്ടിയുടെ പരമ്പരാഗത ചിഹ്നമോ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല.
ജൂണില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമത നീക്കത്തോടെ ആരംഭിച്ച മാസങ്ങള്‍ നീണ്ട ആഭ്യന്തര തര്‍ക്കത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് ഈ ഉത്തരവ്. പുതിയ പാര്‍ട്ടി പേരിനായി മൂന്ന് നിര്‍ദേശങ്ങളും, അനുവദനീയമായ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്ന് മൂന്ന് ചിഹ്നങ്ങളും സെപ്തംബര്‍ 18-ന് രാവിലെ 11-നകം സമര്‍പ്പിക്കാന്‍ കമ്മീഷന് ഇരു വിഭാഗങ്ങളോടും നിര്‍ദ്ദേശിച്ചു.
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഇരു വിഭാഗങ്ങള്‍ക്കും പ്രത്യേകം പേരുകളും ചിഹ്നങ്ങളും അനുവദിക്കും. തങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകളില്‍ മാതൃപാര്‍ട്ടിയായ ‘ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്സ്’ (TMC) എന്ന പേരിന്റെ സൂചന നിലനിര്‍ത്താന്‍ ഇരു വിഭാഗങ്ങള്‍ക്കും ആഗ്രഹമെങ്കില്‍ അനുവാദമുണ്ടെന്നും കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
നന്ദിഗ്രാം, റെജിനഗര്‍ മണ്ഡലങ്ങളില്‍ എന്തുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്?
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഭബാനിപൂര്‍ മണ്ഡലം നിലനിര്‍ത്തിക്കൊണ്ട് സുവേന്ദു അധികാരി നന്ദിഗ്രാം സീറ്റ് ഒഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അവിടെ ഒഴിവ് വന്നത്. നന്ദിഗ്രാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ, സുവേന്ദു അധികാരി പരാജയപ്പെടുത്തിയിരുന്നു.
നൗദയില്‍ നിന്നും വിജയിച്ച ‘ആം ജനത ഉന്നയന്‍ പാര്‍ട്ടി’ സ്ഥാപകന്‍ ഹുമയൂണ്‍ കബീര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് റെജിനഗര്‍ സീറ്റ് ഒഴിവ് വന്നത്.
ഈ രണ്ട് ഉപതിരഞ്ഞെടുപ്പുകളിലേക്കുമുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ ആറിനും വോട്ടെണ്ണല്‍ ഒക്ടോബര്‍ ഒമ്പതിനും നടക്കും. തിരഞ്ഞെടുപ്പ് നടപടികളെല്ലാം ഒക്ടോബര്‍ 11-നകം പൂര്‍ത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരിക്കുന്നത്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
